ജയ്‌പൂര്‍: രാജിവച്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് കോണ്‍ഗ്രസിന്‍റെ താൽപര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു നടപടിയും സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. 'കോൺഗ്രസിനെ ദോഷകരമായി ബാധിക്കുന്ന ഒരു നടപടിയും ക്യാപ്റ്റൻ അമരീന്ദർ സിങ് എടുക്കില്ലെന്ന് പ്രതീക്ഷിക്കുന്നു,' ഗെലോട്ട് ട്വിറ്ററിൽ കുറിച്ചു.
'ഒൻപതര വർഷമായി പാർട്ടി അദ്ദേഹത്തെ പഞ്ചാബ് മുഖ്യമന്ത്രിയായി നിലനിർത്തിയെന്ന് ക്യാപ്റ്റൻ സാഹിബ് തന്നെ പറഞ്ഞു. തന്‍റെ കഴിവിന്‍റെ പരമാവധി പ്രവർത്തിച്ചുകൊണ്ട് അദ്ദേഹം പഞ്ചാബിലെ ജനങ്ങളെ സേവിച്ചു,' ഗെലോട്ട് കുറിച്ചു. രാജ്യം നിലവില്‍ കടന്നുപോകുന്ന സാഹചര്യം ആശങ്കാജനകമാണെന്നും അത്തരം സമയങ്ങളിൽ പാർട്ടിയുടെയും രാജ്യത്തിന്‍റെയും താൽപ്പര്യാർഥം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് എല്ലാ കോൺഗ്രസുകാരുടെയും ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അമരീന്ദര്‍ സിങ്
'മുഖ്യമന്ത്രിയെ മാറ്റുമ്പോൾ ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തിൽ ചിലര്‍ അസ്വസ്ഥരാകുന്നു. എന്നാല്‍ അത്തരം സമയങ്ങളിൽ ഒരാൾ അവരുടെ മനസാക്ഷിക്കനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്,' അദ്ദേഹം വ്യക്തമാക്കി. അമരീന്ദർ സിംഗ് പാർട്ടിയുടെ ആദരണീയനായ നേതാവാണെന്നും കോണ്‍ഗ്രസിന്‍റെ താൽപര്യങ്ങൾ മുൻനിർത്തി അദ്ദേഹം തുടർന്നും പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു.
പഞ്ചാബില്‍ ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. വൈകീട്ട് ചേർന്ന കോണ്‍ഗ്രസ് അടിയന്തര നിയമസഭാകക്ഷി യോഗത്തിന് ശേഷമായിരുന്നു രാജിപ്രഖ്യാപനം. നേരത്തെ അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നവ്‌ജ്യോത് സിങ് സിദ്ദുവിന്‍റെ ഗ്രൂപ്പിൽ നിന്നുള്ള 40 എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരെയുള്ള നീക്കം ശക്തിപ്പെട്ടത്.