കൊല്‍ക്കത്ത: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഹുക്ക ബാറുകളുടെയും ലൈസന്‍സ് റദ്ദാക്കി ഉടന്‍ തന്നെ അടയ്‌ക്കുമെന്ന് കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. എല്ലാ ഹുക്ക ബാറുകളും അടിയന്തരമായി അടച്ചിടണമെന്നും ഇവയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മേയര്‍ ഫിര്‍ഹദ് ഹക്കീം പൊലീസിന് സമര്‍പ്പിച്ച പരാതിയിന്‍മേലാണ് നടപടി. ഹുക്ക ബാറുകളില്‍ നിന്നുള്ള പ്രത്യേക തരം വാതകം ആരോഗ്യത്തിന് ഹാനികരമാണെന്നും സമൂഹത്തിലെ യുവാക്കളെ ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്ന കാരണത്താലാണ് ബാറുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്നും മേയര്‍ ഇന്ന് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലൈസന്‍സോടെയോ അല്ലെങ്കില്‍ നിയമവിരുദ്ധമായോ പ്രവര്‍ത്തിക്കുന്ന എല്ലാ ബാറുകളും നിരീക്ഷണത്തിലാണ്. ലൈസന്‍സോടെ ഹുക്ക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന 30 മുതല്‍ 32 വരെയുള്ള ഹോട്ടലുകളും റെസ്‌റ്റോറന്‍റുകളുമാണുള്ളത്. ഇതിന് പുറമെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നിരവധി ബാറുകളാണ് ഉയര്‍ന്നുവന്നതെന്നും മേയര്‍ പറഞ്ഞു.