ബെംഗളൂരു: കർണാടക ബാഗൽകോട്ടിൽ കമിതാക്കൾ കാണാതായ സംഭവം ദുരഭിമാനക്കൊലയെന്ന് കണ്ടെത്തൽ. പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് പദ്ധതി തയ്യാറാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും കാമുകനെയും കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ബാഗൽകോട്ട് റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒക്‌ടോബർ ഒന്നിന് പുലർച്ചെ മൂന്നിനും നാലിനുമിടയിലാണ് ഇരട്ടക്കൊലപാതകം നടന്നത്.
ചൊവ്വാഴ്‌ച(18.10.2022)യാണ് കൊലപാതകം പുറം ലോകമറിഞ്ഞത്. ഗദഗ് ജില്ലക്കാരനായ വിശ്വനാഥ് നെലഗി(22)യും കാമുകിയുമാണ് കൊല്ലപ്പെട്ടത്. ഷാൾ കഴുത്തിൽ മുറുക്കി പെൺകുട്ടിയേയും കല്ലുകൊണ്ട് സ്വകാര്യ ഭാഗങ്ങളിലും നെഞ്ചിലും ഇടിച്ച് കാമുകനെയും കൊലപ്പെടുത്തുകയായിരുന്നു. ഒരുമിപ്പിക്കാനെന്ന വ്യാജേനയാണ് പ്രതികൾ ഇരുവരെയും വാഹനത്തിൽ കയറ്റികൊണ്ടുപോയത്.
പെൺകുട്ടിയുടെ സഹോദരൻ രവി ഹുല്ലന്നനവര (19), ബന്ധുക്കളായ ഹനുമന്ത മൽനദാദ (22), ബീരപ്പ ദൽവായ് (18) എന്നിവരാണ് കൊലപാതക കുറ്റത്തിന് അറസ്‌റ്റിലായത്. ആലമട്ടി റോഡ് പാലത്തിൽ നിന്നാണ് മൃതദേഹങ്ങൾ കൃഷ്‌ണ നദിയിലേക്ക് തള്ളിയത്. തിരിച്ചറിയുമെന്ന ഭയത്താൽ മൃതദേഹത്തിൽ നിന്ന് അടിവസ്‌ത്രങ്ങൾ ഒഴികെ, എല്ലാ വസ്‌ത്രങ്ങളും അവർ നീക്കം ചെയ്‌തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിശ്വനാഥിനെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ ഒക്‌ടോബർ മൂന്നിന് നർഗുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പെൺകുട്ടിയുടെ പിതാവും ഒക്‌ടോബർ 11 ന് തട്ടിക്കൊണ്ടുപോകൽ പരാതി നൽകി. ഒക്‌ടോബർ 15 ന് പെൺകുട്ടിയുടെ സഹോദരനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തതിൽ നിന്നാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.
പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ ഇരുവർക്കും പലതവണ താക്കീത് നൽകിയിരുന്നു. എന്നാല്‍ താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ അത് വിശ്വനാഥിനെ മാത്രമായിരിക്കുമെന്ന് പെൺകുട്ടി വാശിപിടിച്ചു. ഇതിനെ തുടർന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ കൊലപാതകം ആസൂത്രണം ചെയ്‌ത് നടപ്പാക്കിയത്. കൊലപാതകത്തിന് ഉപയോഗിച്ച വാഹനം പിടിച്ചെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് ജയപ്രകാശ് പറഞ്ഞു.