മൈസൂർ (കര്‍ണാടക) : കർണാടകയിലെ മൈസൂരില്‍ ദുരഭിമാനക്കൊല. ദലിത് യുവാവിനെ പ്രണയിച്ചതിന് പതിനേഴുകാരിയെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൃത്യം നടത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
ജൂണ്‍ 7ന് പുലര്‍ച്ചെയാണ് നിഷ്‌ഠൂരമായ സംഭവം. മൈസൂരിലെ പെരിയപട്‌ന താലൂക്കിലെ കഗ്ഗുണ്ടി സ്വദേശിയായ സുരേഷ് ആണ് മകള്‍ ശാലിനിയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സുരേഷിനേയും ഭാര്യ ബേബിയേയും അറസ്റ്റ് ചെയ്‌തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ - 12-ാം ക്ലാസില്‍ പഠിക്കുന്ന ശാലിനി മെല്ലഹള്ളി സ്വദേശിയായ ദലിത് യുവാവുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലാണ്. ഈയിടെ ഇവരുടെ പ്രണയ ബന്ധത്തെ കുറിച്ച് അറിഞ്ഞ ശാലിനിയുടെ കുടുംബം യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ യുവാവുമായി പ്രണയത്തിലാണെന്നും കുടുംബത്തിനൊപ്പം താമസിക്കാന്‍ താല്‍പര്യമില്ലെന്നും ശാലിനി മൊഴി നല്‍കിയതോടെ പെണ്‍കുട്ടിയെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് പൊലീസ് മാറ്റി.