നന്ദ്യാല (ആന്ധ്രപ്രദേശ്) : വിവാഹിതയായ മകൾക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്. ആന്ധ്രപ്രദേശിലെ നന്ദ്യാല ജില്ലയിൽ ആലമുരു ഗ്രാമത്തിലെ ദേവേന്ദ്ര റെഡ്ഡിയാണ് മകൾ പ്രസന്നയെ (21) ക്രൂരമായി കൊലപ്പെടുത്തിയത്. ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ സഹായത്തോടെ രണ്ട് കഷണങ്ങളാക്കി ഇയാൾ കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്‌തു.
പ്രസന്നയും ഹൈദരാബാദ് സ്വദേശിയായ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുമായി രണ്ട് വർഷം മുൻപ് വിവാഹം കഴിഞ്ഞിരുന്നു. വിവാഹത്തെത്തുടർന്ന് ഹൈദരാബാദിലായിരുന്നു ഇവരുടെ താമസം. വിവാഹത്തിന് മുന്‍പ് പ്രസന്ന മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു.
എന്നാൽ അടുത്തിടെ ഇരുവരും വീണ്ടും അടുപ്പത്തിലാവുകയും പ്രസന്ന ഭർത്താവിന്‍റെ വീട്ടിൽ നിന്ന് നാട്ടിലേക്ക് തിരികെ വരികയും ചെയ്തു. ഇതോടെ തന്‍റെയും കുടുംബത്തിന്‍റെയും മാനം നഷ്‌ടപ്പെട്ടെന്ന് ആരോപിച്ച് ദേവേന്ദ്ര റെഡ്ഡി മകളോട് ദേഷ്യപ്പെടുകയും ഫെബ്രുവരി 10ന് യുവതിയെ വീട്ടിൽവച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.