ജോധ്‌പൂര്‍(രാജസ്ഥാന്‍): സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി പാകിസ്ഥാൻ ഇന്‍റർ സർവിസസ് ഇന്‍റലിജൻസിന് വിവരങ്ങള്‍ കൈമാറിയ ചാരസംഘം രാജസ്ഥാനിൽ പിടിയിലായി. ആർമി ഇന്‍റലിജൻസും രാജസ്ഥാൻ പൊലീസിന്‍റെ സ്‌പെഷ്യൽ ബ്രാഞ്ചും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചാരസംഘം പിടിയിലായത്. ജോധ്‌പൂർ, പാലി, ജയ്‌സാൽമീർ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അറസ്‌റ്റിലായവരില്‍ ഒരാള്‍ പട്ടാളക്കാരനും, മറ്റ് അഞ്ച് പേര്‍ സാധാരണ പൗരന്മാരുമാണ്. പാകിസ്ഥാന്‍ വനിത ഐഎസ്‌ഐ ഏജന്‍റുമാർ അറസ്റ്റിലായവരെ ഹണി ട്രാപ്പില്‍പെടുത്തി വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. വീഡിയോ ക്ലിപ്പുകൾ ഉൾപ്പെടെ സുപ്രധാന സൈനിക വിവരങ്ങൾ പാകിസ്ഥാന്‍ വനിതകള്‍ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്.
അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യലിനായി ജയ്‌പൂരിലേക്ക് കൊണ്ടുപോയി. മേയ് മാസത്തില്‍ പാകിസ്ഥാൻ വനിത ചാര സംഘടനയില്‍ ഉള്‍പ്പെട്ട ഒരു സ്‌ത്രീ റിയ എന്ന് പേര് മാറ്റി രാജസ്ഥാനിലെ ജോധ്‌പൂരിലെ മിസൈൽ റെജിമെന്‍റിലെ 24 കാരനായ സൈനികൻ പ്രദീപ് കുമാറിനെ ഹണി ട്രാപ്പില്‍ ഉള്‍പ്പെടുത്തി എന്ന് സൈന്യം റിപ്പോര്‍ട്ട് ചെയ്യുന്നു.