റായ്‌പൂര്‍ : ഛത്തീസ്‌ഗഡിലെ ഗുരുഗാസിദാസ് ദേശീയോദ്യാനത്തില്‍ ഹണി ബാഡ്‌ജറിനെ(തറക്കരടി) കണ്ടെത്തി. കുന്‍വാര്‍പൂര്‍ വനമേഖലയില്‍ അപൂര്‍വ ഇനമായ ജീവിയെ കണ്ടെത്തി എന്ന വിവരം പ്രദേശവാസികള്‍ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. ഫുള്‍ജഹാര്‍ വനപ്രദേശത്താണ് ഈ അപൂര്‍വ ജീവിയെ ആദ്യമായി കണ്ടെത്തിയത്.
മറ്റ് കരടികളെ അപേക്ഷിച്ച് ഹണി ബാഡ്‌ജറിന് വലിപ്പം കുറവാണ്. 2 മുതല്‍ 2.5 അടി വരെയാണ് ഉയരം. ഭാരം, 5 മുതല്‍ 7 കിലോഗ്രാം വരെയും. സിംഹം, പുലി, കഴുതപ്പുലി തുടങ്ങിയ ഹിംസ്ര ജന്തുക്കളുമായി കിടപിടിക്കത്തക്ക ശക്തിയും ഹണി ബാഡ്‌ജര്‍ എന്ന തറക്കരടിയ്‌ക്കുണ്ട്.
'ലോകത്തിലെ പേടിയില്ലാത്ത ജീവി' എന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഹണി ബാഡ്‌ജറിനെ വിവരിക്കുന്നത്. പ്രദേശവാസികള്‍ ഇതിനെ 'ചിറക്ബാല്‍' എന്നും വിളിക്കുന്നു. മൂര്‍ച്ചയുള്ള 32 പല്ലുകളാണ് ഇവയുടെ ബലം.
ഫലവര്‍ഗങ്ങളും തേനുമാണ് ഇവയുടെ ഇഷ്‌ട ഭക്ഷണം. ഇവ ചെറിയ ജീവിയാണെങ്കിലും വളരെയധികം അപകടകാരിയാണ്. വലിപ്പമേറിയ നഖങ്ങള്‍കൊണ്ട് ഇവ 20 മുതല്‍ 25 അടി വരെ കുഴിക്കും.
'സുരക്ഷിത മൃഗങ്ങള്‍' എന്ന വിഭാഗത്തിലാണ് ഹണി ബാഡ്‌ജര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സൗന്ദര്യവര്‍ധക വസ്‌തുക്കളുടെ നിര്‍മ്മാണത്തിനുതകുന്നതിനാല്‍ ചര്‍മത്തിനും രോമത്തിനുമായാണ് ഇവ വേട്ടയാടപ്പെടുന്നത്. ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ റെഡി ലിസ്‌റ്റ് പ്രകാരം ഏറ്റവും കുറഞ്ഞ ആശങ്കപ്പെടേണ്ട ജീവി എന്ന വിഭാഗത്തിലും ഹണി ബാഡ്‌ജര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഗുരു ഗാസിയാസ് ദേശീയോദ്യാനം ഡയറക്‌ടര്‍ രാമ കൃഷ്‌ണ പറഞ്ഞു.