ന്യൂഡല്‍ഹി:മെയ് 21ന് തീവ്രവാദ വിരുദ്ധ ദിനം ആചരിക്കാനാവശ്യപ്പെട്ട് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സർക്കാർ വകുപ്പുകൾക്കും ആഭ്യന്തര മന്ത്രാലയം കത്തയച്ചു. തീവ്രവാദത്തില്‍ നിന്നും യുവതലമുറയെ പിന്തിരിപ്പിക്കുന്നതിനും ഇതിനായി ബോധവത്ക്കരണം നടത്തുന്നതിനുമായാണ് തീവ്രവാദ ദിനം ആചരിക്കുന്നത്. ഇതുസംബന്ധിച്ച് വ്യാഴാഴ്‌ചയാണ് സംസ്ഥാന സര്‍ക്കാറുകളുടെ ചീഫ് സെക്രട്ടറിമാര്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്‌ട്രേറ്റർമാർക്കും സര്‍ക്കാര്‍ വകുപ്പുകളിലെ സെക്രട്ടറിമാര്‍ക്കും മന്ത്രാലയം കത്തുകളയച്ചത്.
മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും തീവ്രവാദ വിരുദ്ധ പ്രതിജ്ഞ എടുക്കണമെന്നും കത്തില്‍ പറയുന്നു. കൂടാതെ തീവ്രവാദ വിരുദ്ധ ദിനത്തിന്‍റെ പ്രധാന്യം കണക്കിലെടുത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തീവ്രവാദ വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യാം. നിലവിലെ കൊവിഡ് പ്രതിസന്ധി പരിഗണിച്ച് പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കേണ്ടതും, മാസ്ക് ധരിക്കേണ്ടതും പ്രതിരോധ നടപടികള്‍ പാലിക്കേണ്ടതും അത്യന്താപേക്ഷിതമാണെന്നും കത്തില്‍ പറയുന്നു.