ബെംഗളൂരു :ബെലഗാവി ചിക്കോടിയിലെ ദിഗംബര്‍ ജൈന സന്യാസിയുടെ കൊലപാതകം രാഷ്‌ട്രീയവത്കരിക്കുന്നത് ശരിയല്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പൊലീസ് ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്‌ച ഹുബ്ബള്ളിയിലെ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരമൊരു കൊലപാതക വിഷയവുമായി ബന്ധപ്പെട്ട് ആരും യാതെരുവിധ വിവേചനവും കാണില്ലെന്നും പ്രതികളെ പിടികൂടുന്നതിനുള്ള നീക്കത്തിലാണ് പൊലീസെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ജൈന സന്യാസിയായ ആചാര്യ ശ്രീ കാമകുമാര നന്ദി മഹാരാജിനെ കാണാതായെന്നുള്ള പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുടെ പ്രസ്‌താവനയിലും അദ്ദേഹം പ്രതികരിച്ചു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ നമ്മുടെ പൊലീസിന് കഴിവുണ്ട്. കേസില്‍ പ്രതികള്‍ നേരത്തേ അറസ്റ്റിലായിട്ടുണ്ട്. കേസില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് കേസ് നിലവില്‍ സിബിഐയ്‌ക്ക് കൈമാറേണ്ട ആവശ്യമില്ലെന്നും പൊലീസ് യാതൊരു സമ്മര്‍ദ്ദവുമില്ലാതെ നിഷ്‌പക്ഷമായാണ് കേസ് അന്വേഷിക്കുന്നതെന്നും മന്ത്രി പരമേശ്വര്‍ പറഞ്ഞു. സന്യാസിയുടെ കൊലപാതത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കര്‍ണാടക ബിജെപിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.