പട്‌ന: ബിഹാറില്‍ മണല്‍ മാഫിയ സംഘം ഹോംഗാര്‍ഡ് കോണ്‍സ്റ്റബിളിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തി. ചിൽമി കൊയേരി സ്വദേശിയായ രാംരാജ് മഹാതേയയാണ് കൊല്ലപ്പെട്ടത്. മണല്‍ മാഫിയ സംഘത്തെ പിടികൂടാന്‍ പൊലീസ് നടത്തിയ ഓപ്പറേഷനിടെയാണ് സംഭവം. ബിഹാറിലെ എന്‍ടിപിസി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാധേ റോഡില്‍ ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 31) രാത്രിയിലാണ് സംഭവം.
സ്ഥലത്ത് അനധികൃതമായി മണല്‍ കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി മാഫിയ സംഘത്തെ പിടികൂടാന്‍ ശ്രമിച്ചു. മണല്‍ നിറച്ച വാഹനവുമായി സംഘം രക്ഷപ്പെടുന്നതിനിടെ വാഹനം തടയാനെത്തിയ ഹോംഗാര്‍ഡിന് നേരെ വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ രാംരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ ഡ്രൈവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം മണല്‍ മാഫിയയെ സംബന്ധിച്ചും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പത്താം ക്ലാസുകാരനെ വാഹനം ഇടിച്ച് കൊലപ്പെടുത്തി: കേരളത്തില്‍ അടുത്തിടെയാണ് സമാനമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയ്‌ക്ക് കാരണമായത്. 14 കാരനെയാണ് ബന്ധു കാറിടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പൂവച്ചല്‍ സ്വദേശിയായ പ്രിയരഞ്ജനെ (42) പൊലീസ് അറസ്റ്റ് ചെയ്‌തു.