ഹൊഗനക്കൽ: ആർത്തലച്ചത്തുന്ന വെള്ളച്ചാട്ടത്തിന്‍റെ ഭംഗി... കാടിന്‍റെ വശ്യതയെ തഴുകി നീങ്ങുന്ന കുട്ടവഞ്ചി സവാരി... ഒപ്പം പുഴയില്‍ നിന്ന് പിടിക്കുന്ന മീനും അതിന്‍റെ രുചിയും. ഇത് ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന ഹൊഗെനക്കല്‍ വെള്ളച്ചാട്ടം.
കാടിന്‍റെ വശ്യതയെ തഴുകി ഹൊഗെനക്കല്‍ മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന കാവേരി നദി മഴക്കാലം മാറുന്നതോടെ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമാകും. തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയില്‍ കർണാടകയിലെ ചാമരാജനഗർ ജില്ലയോട് അതിർത്തി പങ്കിടുന്ന ഹൊഗെനക്കല്‍ മലയാളിക്ക് എന്നും പ്രിയങ്കരമാണ്. നരൻ മുതൽ നിരവധി മലയാള ചിത്രങ്ങള്‍ക്ക് ലൊക്കേഷൻ ആയ കാലം മുതൽ മലയാളിയുടെ മനസിൽ കയറി കൂടിയതാണ് ഹൊഗെനക്കൽ എന്ന വന്യ സൗന്ദര്യം.
സഞ്ചാരികളുമായി കുട്ട വഞ്ചികള്‍ ഇടമുറിയാതെ നീങ്ങുന്ന ദൂരക്കാഴ്‌ച ഹൊഗെനക്കലിനെ കൂടുതൽ സുന്ദരിയാക്കുന്നു. സമയ പരിധിയുണ്ടെങ്കിലും നീന്താനും കുളിക്കാനും കൂടി ധർമപുരി കലക്‌ടർ പച്ച കൊടി വീശിയതോടെ സന്ദർശകരും ആവേശത്തിലാണ്. ചാറ്റൽ മഴ ഹൊഗെനക്കലിനെ ഉണർത്തി കഴിഞ്ഞു. ഒഴുകിയിറങ്ങുന്ന തെളിനീരുമായി വെള്ളച്ചാട്ടങ്ങളെല്ലാം സജീവം.
കാലവർഷത്തിന്‍റെ മൂർത്തി ഭാവത്തിന് മുമ്പ് വശ്യതയുടെ പൂർണ രൂപവുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് ഈ സുന്ദര ഭൂമി. പാറക്കെട്ടുകളിലേക്ക് വെള്ളം വന്നു വീഴുമ്പോൾ പുക ഉയരുന്നത് പോലെയാണ്. ആ കാഴ്‌ചയാണ് കന്നഡയില്‍ ഹൊഗെനെക്കല്‍ എന്ന പേര് വന്നതെന്ന് ഇവിടുത്തുകാർ പറയും. എന്തായാലും കാവേരി നദിയും ഈ പാറക്കെട്ടുകളും ഒഴുകിയിറങ്ങുന്ന വെള്ളത്തിന്‍റെ സഞ്ചാരവും ആരുടെ മനവും കുളിർപ്പിക്കും.