മുംബൈ(മഹാരാഷ്‌ട്ര):ഇൻഡിഗോ എയർലൈൻസിനെതിരെ വിമർശനവുമായി ഹോക്കി താരം പിആർ ശ്രീജേഷ്. വിമാനയാത്രയിൽ തന്‍റെ ഹോക്കി സ്‌റ്റിക്ക് കൊണ്ട് പോകുന്നതിന് കമ്പനി അധിക നിരക്ക് ഈടാക്കിയതിനെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ശ്രീജേഷ് ഇൻഡിഗോയ്‌ക്കെതിരെ വിമർശനമുന്നയിച്ചത്.
ഹോക്കി സ്‌റ്റിക്കിന് അധിക നിരക്ക്; ഇൻഡിഗോക്കെതിരെ വിമർശനവുമായി ഹോക്കി താരം ശ്രീജേഷ്
അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷൻ 41 ഇഞ്ച് നീളമുള്ള ഹോക്കി സ്‌റ്റിക്ക് ഉപയോഗിച്ച് കളിക്കാൻ അനുവദിച്ചു. എന്നാൽ അതുമായി യാത്ര ചെയ്യുന്നതിന് ഇൻഡിഗോ അധിക നിരക്ക് ഈടാക്കിയതിനെതിരെയാണ് ശ്രീജേഷിന്‍റെ വിമർശനം.
'41 ഇഞ്ച് നീളമുള്ള ഹോക്കി സ്‌റ്റിക്ക് ഉപയോഗിച്ച് കളിക്കാൻ അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷൻ എനിക്ക് അനുമതി നൽകിയിട്ടുണ്ട്, പക്ഷെ 39 ഇഞ്ചിൽ കൂടുതൽ നീളമുള്ളതൊന്നും കൊണ്ടുപോകാൻ ഇൻഡിഗോ അനുവദിക്കുന്നില്ല. എന്താണ് ചെയ്യണ്ടത്. അധികമായി 1500 രൂപയാണ് നൽകിയത്.' അധിക തുക നൽകിയതിന്‍റെ ബില്ല് പങ്ക്‌വെച്ചാണ് ശ്രീജേഷ് ട്വിറ്ററിൽ കുറിച്ചത്.
ഇന്ത്യന്‍ സീനിയര്‍ ടീമിനുവേണ്ടി 2006-ല്‍ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 2011 മുതല്‍ ടീമിലെ സ്ഥിര സാന്നിധ്യമാണ്. 2016-ല്‍ ശ്രീജേഷിന്‍റെ നേതൃത്വത്തില്‍ ഇന്ത്യ ഹോക്കി ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി മെഡല്‍ നേടി. ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ടീമിലും ശ്രീജേഷ് അംഗമായിരുന്നു. പരമോന്നത കായിക പുരസ്‌കാരമായ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം നല്‍കി ഭാരതം ആദരിച്ച താരം കൂടിയാണ് ശ്രീജേഷ്.