ന്യൂഡൽഹി: കൊവിഡ് വാക്‌സിനേഷനിൽ യുഎസിനെ ഇന്ത്യ മറികടന്നത് ചരിത്രപരമെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ. ഇന്ത്യയിൽ ഇതുവരെ 32,36,63,297 വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്‌തത്. വാക്‌സിൻ വിതരണത്തിൽ യുഎസിനെ മറികടന്ന നടപടി ചരിത്രപരമാണെന്ന് ആരോഗ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രിക്ക് കീഴിൽ നടത്തിയ മികച്ച തീരുമാനങ്ങളും ഇടപെടലുകളുമാണ് ഈ നേട്ടത്തിന് കാരണമായതെന്നും അദ്ദേഹം ട്വിറ്ററിൽ കൂട്ടിച്ചേർത്തു. രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായി കുറയുകയാണെന്നും തുടർച്ചയായി ഏഴ് ദിവസങ്ങളിലായി കൊവിഡ് കേസുകളിൽ 21 ശതമാനത്തിന്‍റെ കുറവാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.