ചണ്ഡീഗഢ്: മെഡിക്കൽ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ ചൊല്ലുന്ന ഹിപ്പോക്രാറ്റിക് ഓത്ത് (Hippocratic Oath) എന്ന പ്രതിജ്ഞ ഒഴിവാക്കി ഫെബ്രുവരി 14 മുതൽ ഇന്ത്യൻ പാരമ്പര്യം അനുശാസിക്കുന്ന തരത്തിൽ മഹർഷി ചരക് ശപഥ് നടപ്പിലാക്കാനുള്ള നിർദേശവുമായി ദേശീയ മെഡിക്കൽ കമ്മിഷൻ. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്‌ച കോളജ് പ്രതിനിധികളുമായി ദേശീയ മെഡിക്കൽ കമ്മിഷൻ ബിരുദ ബോർഡ് ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ പ്രാദേശിക ഭാഷയിലും സത്യപ്രതിജ്ഞ ചെയ്യാമെന്ന് മെഡിക്കൽ കമ്മിഷൻ നിർദേശിച്ചു.
ചരക് ശപഥ് നടപ്പിലാക്കാനുള്ള നിർദേശത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ മുൻ പ്രസിഡന്‍റ് ഡോ.ആർ.എസ് ബേദി സ്വാഗതം ചെയ്‌തു. രണ്ട് പ്രതിജ്ഞകളുടെയും സാരാംശം ഒന്നാണെങ്കിലും മികച്ച തീരുമാനമാണെന്നും നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ഡോ. ബേദി ഇടിവി ഭാരതിനോട് പറഞ്ഞു.
ഇന്ത്യൻ ശസ്‌ത്രക്രിയയുടെ പിതാവാണ് മഹർഷി ചരക് എന്ന് നടപടിയെ സ്വാഗതം ചെയ്‌തുകൊണ്ട് പിജിഐ ചണ്ഡീഗഢിലെ ചണ്ഡീഗഢിലെ പ്രൊഫ. സോനു ഗോയൽ പറഞ്ഞു. പുതിയ എംബിബിഎസ് വിദ്യാർഥികൾക്ക് 10 ദിവസത്തെ യോഗ പരിശീലനം നിർബന്ധമാക്കാനും ദേശീയ മെഡിക്കൽ കമ്മിഷൻ തീരുമാനിച്ചു. രോഗങ്ങളെ ചെറുക്കാൻ യോഗ ഫലപ്രദമാണെന്നും അതിനാൽ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും പ്രൊഫ. ഗോയൽ പറയുന്നു.
ഗ്രീക്ക് ഭാഷയില്‍ നിന്നും ഫ്രാന്‍സിസ് ആഡംസ് പരിഭാഷപ്പെടുത്തിയ ഇംഗ്ലീഷിലുള്ള പ്രതിജ്ഞയാണ് ഇപ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ചൊല്ലുന്നത്. ഇത് മാറുന്ന കാലത്തിന് അനുസരിച്ച് പുതുക്കാറുണ്ട്. ഏറ്റവുമൊടുവില്‍ 2017 ലാണ് ഈ പ്രതിജ്ഞ പുതുക്കിയത്. രോഗിയുടെ അന്തസിനും ബോധത്തിനും അനുസരിച്ചുള്ള ആരോഗ്യത്തിന് മുൻതൂക്കം നൽകുകയും രോഗിയുടെ സ്വകാര്യതയെ മാനിക്കുകയും ചെയ്യുമെന്ന് ഹിപ്പോക്രാറ്റിക് ഓത്തിൽ ഡോക്‌ടർമാർ പറയുന്നു.
Also Read: രാജ്യത്ത് 257 പൊലീസ് സ്റ്റേഷനുകള്‍ക്ക് സ്വന്തമായി വാഹനമില്ല, 638 സ്റ്റേഷനുകളില്‍ ടെലഫോൺ ഇല്ലെന്നും റിപ്പോർട്ട്