അമരാവതി (മഹാരാഷ്‌ട്ര):മഹാത്മാഗാന്ധിയുടെ പിതാവ് ഒരു മുസ്‌ലിം ഭൂവുടമയായിരുന്നുവെന്ന വിചിത്രവും വിദ്വേഷപരവുമായ പരാമര്‍ശവുമായി വലതുപക്ഷ നേതാവ് സംഭാജി ഭിഡെ രംഗത്ത്. മഹാത്മാഗാന്ധി മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നാണ് അറിയപ്പെടുന്നത്. എന്നാൽ കരംചന്ദ് ഗാന്ധി മോഹൻദാസിന്‍റെ പിതാവല്ലെന്നും ഒരു മുസ്‌ലിം ഭൂവുടമയാണ് അദ്ദേഹത്തിന്‍റെ യഥാർഥ പിതാവെന്നും പറഞ്ഞാണ് ഹിന്ദുത്വ പ്രവര്‍ത്തകനും ശിവ് പ്രതിഷ്‌ഠാന്‍ ഹിന്ദുസ്ഥാന്‍ നേതാവുമായ സംഭാജി ഭിഡെ എന്ന മനോഹര്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
വിവാദ പരാമര്‍ശം ഇങ്ങനെ:കരംചന്ദ് താൻ ജോലി ചെയ്തിരുന്ന മുസ്‌ലിം ജമീന്താറിൽ നിന്ന് ഒരു വലിയ തുക മോഷ്‌ടിച്ചു. ക്ഷുഭിതനായ മുസ്‌ലിം ജമീന്താർ കരംചന്ദിന്‍റെ ഭാര്യയെ തട്ടിയെടുത്ത് തന്‍റെ അടുക്കലെത്തിച്ചു. അയാള്‍ അവരെ ഒരു ഭാര്യയെപ്പോലെയാണ് പരിഗണിച്ചത്. അതിനാൽ തന്നെ കരംചന്ദ് ഗാന്ധിയല്ല മോഹൻദാസിന്‍റെ യഥാർഥ പിതാവെന്നും അദ്ദേഹം അതേ ആ മുസ്‌ലിം ഭൂവുടമയുടെ മകനാണെന്നും ഭിഡെ അവകാശപ്പെട്ടു. മോഹൻദാസിനെ വളർത്തിയതും പഠിപ്പിച്ചതും ഈ മുസ്‌ലിം പിതാവാണ് എന്നതിന് ശക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കരംചന്ദിന്‍റെ നാലാമത്തെ ഭാര്യയുടെ മകനാണ് മോഹൻദാസെന്നും സംഭാജി ഭിഡെ പറഞ്ഞു.
ഗാന്ധിജിക്ക് വിമര്‍ശനവും:ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യമാണ്. ഹിന്ദുക്കളുടെ ധീരതയും അളക്കാനാവില്ല. പക്ഷേ, ഹിന്ദുക്കൾ പലപ്പോഴും സ്വന്തം മതവും കടമയും ഉത്തരവാദിത്തങ്ങളും മറന്നു. രാജ്യത്തെ ഹിന്ദുക്കൾ അധഃപതിച്ചിരിക്കുന്നുവെന്നും ഹിന്ദുക്കളെ താഴെയിറക്കിയതില്‍ രാഷ്ട്രപിതാവിന് പങ്കുണ്ടെന്നും ഭിഡെ ഗാന്ധിജിയെ വിമര്‍ശിച്ചു. അതേസമയം 1980 ല്‍ ശിവ് പ്രതിഷ്‌ഠാന്‍ ഹിന്ദുസ്ഥാന്‍ എന്ന തന്‍റെ സംഘടന സ്ഥാപിക്കുന്നത് വരെ ആര്‍എസ്‌എസിന്‍റെ സജീവ മുഴുവന്‍സമയ പ്രവര്‍ത്തകനായിരുന്നു സംഭാജി ഭിഡെ.