ന്യൂഡൽഹി :ഹിന്ദുമതവും(Hinduism) ഹിന്ദുത്വയും(Hindutva) വ്യത്യസ്‌ത ആശയങ്ങളെ പ്രതിനിധീകരിക്കുന്നതാണെന്നും അവ കൂട്ടിക്കലർത്തരുതെന്നും കോൺഗ്രസിന്‍റെ മുതിർന്ന നേതാവ്(Congress Leader) ശശി തരൂർ(Shashi Tharoor). ഒന്ന് മതത്തെയും മറ്റൊന്ന് രാഷ്‌ട്രീയത്തെയും പ്രതിനിധീകരിക്കുന്നതാണെന്ന് ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ ശശി തരൂർ പറഞ്ഞു.
ആത്യന്തികമായി സ്വന്തം സ്വത്വത്തെ അന്വേഷിക്കുകയും സ്വന്തം സത്യത്തെ കണ്ടെത്തുകയും എന്നതാണ് ഹിന്ദുമതത്തെ കുറിച്ചുള്ള തന്‍റെ വ്യക്തിപരമായ കാഴ്‌ചപ്പാട്. വ്യക്തിപരമായ സത്യം കണ്ടെത്തുമ്പോൾ തന്നെ മറ്റുള്ളവർക്കും അവരവരുടേതായ സത്യങ്ങളും വിശ്വാസങ്ങളുമുണ്ട്. അവയെ ബഹുമാനിക്കേണ്ടതുണ്ടെന്നും ഭിന്നതകളെ അംഗീകരിക്കുക എന്നതാണ് ഹിന്ദുമതത്തിന്‍റെ അടിസ്ഥാനമെന്നും ശശി തരൂർ പറഞ്ഞു.
എന്നാൽ ഹിന്ദുത്വ എന്നത് ഒരു രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രമാണ്. അത് ഹിന്ദുമതമെന്ന ആശയത്തെ പേരിലേക്ക് മാത്രമായി ചുരുക്കുകയാണ്. തന്‍റെ അഭിപ്രായത്തിൽ അത് ഹിന്ദുവോ, ഹിന്ദു മതമോ, ഹിന്ദു ധർമമോ അല്ല. ഹിന്ദുമതത്തിനും ഹിന്ദുത്വയ്ക്കും പരസ്‌പര ബന്ധമില്ല. മതം ആത്മീയതയെ കുറിച്ചുള്ള അന്വേഷണമാണ്. എന്നാൽ സമൂഹത്തിലും ജനങ്ങൾക്ക് എങ്ങനെ മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കാം എന്നതിനെ കുറിച്ചാവണം രാഷ്‌ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.