ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ എഫ്‌എംസിജി(ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗൂഡ്സ്)കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് 2021-22 സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ 2,243കോടിരൂപയുടെ അറ്റാദയം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ ഇതെ പാദത്തെ കമ്പനിയുടെ അറ്റദായത്തെ അപേക്ഷിച്ച് 16.76ശതമാനത്തിന്‍റെ വര്‍ധനവാണിത്. കഴിഞ്ഞ സമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 1,921 കോടി രൂപയായിരുന്നു.
കമ്പനിയുടെ മൊത്തവരുമാനം(total revenue) ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ 13,183 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ ഇതെ പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 11,959 കോടി രൂപയായിരുന്നു. പ്രതീക്ഷിച്ചതിലും മികച്ച നേട്ടമാണ് ഹിന്ദുസ്ഥാന്‍ യൂണിലവര്‍ ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ സ്വന്തമാക്കിയത്.
പണപ്പെരുപ്പം പോലെയുള്ള പ്രതികൂലമായ വിപണി സാഹചര്യത്തിലും മികച്ച നേട്ടമാണ് ഹിന്ദുസ്ഥാന്‍ യൂണിലവര്‍ സ്വന്തമാക്കിയതെന്ന് കമ്പനിയുടെ എംഡിയും ചെയര്‍മാനുമായ സഞ്ജീവ് മേഹത്ത പറഞ്ഞു. കമ്പനിയുടെ വിപണി പങ്കാളിത്തതിലെ വര്‍ധനവ് ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു.