ന്യൂഡൽഹി: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ശ്രീചന്ദ് പർമാനന്ദ് ഹിന്ദുജ (എസ് പി ഹിന്ദുജ) ബുധനാഴ്‌ച ലണ്ടനിൽ അന്തരിച്ചു. ബ്രിട്ടീഷ് പൗരത്വമുള്ള 87 വയസുകാരനായ ഇദ്ദേഹം ദീർഘനാളായി ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. നാല് ഹിന്ദുജ സഹോദരന്മാരിൽ മൂത്തയാളാണ് ശ്രീചന്ദ്.
ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ശ്രീചന്ദ് പർമാനന്ദ് ഹിന്ദുജ അന്തരിച്ചു
ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഹിന്ദുജ സഹോദരന്മാർക്ക് ആഗോളതലത്തിൽ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യമാണുള്ളത്
ബാങ്കിങ് ആൻഡ് ഫിനാൻസ്, ഓട്ടോമോട്ടീവ്, ഓയിൽ, ഐടി, ഐടിഇഎസ്, സൈബർ സെക്യൂരിറ്റി, ഹെൽത്ത് കെയർ, സ്പെഷ്യാലിറ്റി കെമിക്കൽസ്, ട്രേഡിങ്, പവർ, റിയൽ എസ്റ്റേറ്റ് അടക്കം പതിനൊന്ന് മേഖലകളിൽ വ്യവസായം നടത്തുന്ന ആഗോള ബ്രാൻഡാണ് ഹിന്ദുജ ഗ്രൂപ്പ്. 'ഞങ്ങളുടെ കുടുംബത്തിന്‍റെ കുലപതിയും ഹിന്ദുജ ഗ്രൂപ്പ് ചെയർമാനുമായ എസ് പി ഹിന്ദുജ ഞങ്ങളെ വിട്ട് പോയിരിക്കുന്നു. ഗോപിചന്ദ്, പ്രകാശ്, അശോക് എന്നിവർക്കൊപ്പം ഹിന്ദുജ കുടുംബം മുഴുവനും ഈ അവസരത്തിൽ ഖേദിക്കുന്നു.' - ഹിന്ദുജ കുടുംബ വക്താവ് ബുധനാഴ്‌ച മാധ്യമങ്ങളോട് പറഞ്ഞു.
1952ൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ശ്രീചന്ദ്, ഹിന്ദുജ ഗ്രൂപ്പിന്‍റെ സ്ഥാപകനായ പിതാവ് പി ഡി ഹിന്ദുജയ്‌ക്കൊപ്പം കുടുംബ ബിസിനസിൽ ചേരുകയായിരുന്നു. ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള ഹിന്ദുജ സഹോദരന്മാർക്ക് ആഗോളതലത്തിൽ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യമാണുള്ളത്. ബൊഫേഴ്‌സ് അഴിമതി കേസിൽ ഹിന്ദുജ സഹോദരന്മാർക്കെതിരെ 1987ൽ കേസ് ഉയർന്നുവന്നിരുന്നു. 64 കോടി രൂപ സ്വീഡിഷ് കമ്പനിയിൽ നിന്ന് കമ്മിഷനായി കൈപ്പറ്റി എന്നായിരുന്നു കേസ്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഇവരെ ഡൽഹി ഹൈക്കോടതി 2005ൽ കുറ്റവിമുക്തരാക്കി.