മഹാരാഷ്ട്ര:മഹാത്മാ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കാളിചരണ്‍ മഹാരാജിനെതിരെ മഹാരാഷ്ട്രയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഗാന്ധിജിക്കെതിരെ കാളിചരണ്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. ഭരണത്തിന്‍റെ തലപ്പത്ത് ഒരു ഹിന്ദുവിനെ തെരഞ്ഞെടുക്കണമെന്നും കാളിചരണ്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ നടന്ന ഒരു മതചടങ്ങിലാണ് കാളിചരണ്‍ മഹാരാജ് വിവാദ പരാമര്‍ശം നടത്തിയത്. മഹാരാഷ്ട്രയിലെ അകോല ജില്ലക്കാരനാണ് കാളിചരണ്‍ മഹാരാജ്. അകോല ജില്ലയില്‍ കാളിരാജ് മഹാരാജിനെതിരെ കോണ്‍ഗ്രസിന്‍റെ പ്രതിഷേധമുണ്ടായിരുന്നു.
ALSO READ:'ഗാന്ധിയെ അപമാനിച്ചു' ; കാളിചരണ്‍ മഹാരാജ് കപട ആള്‍ ദൈവമെന്ന് ദിഗ് വിജയ് സിങ്
അകോല ജില്ലയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പ്രശാന്ത് ഗവാണ്ടെയുടെ പരാതിയിലാണ് ഐപിസി 294, 505 എന്നീ വകുപ്പുകള്‍ ചുമത്തി കാളിരാജിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കാളിചരണ്‍ മഹാരാജിന്‍റെ വിവാദ പരാമര്‍ശം മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി നവാബ് മാലിക് നിയമസഭയില്‍ ഉന്നയിച്ചിരുന്നു. കാളിചരണിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാളിചരണിന്‍റെ പ്രസ്താവനയില്‍ അന്വേഷണം നടത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാര്‍ നിയമസഭയില്‍ പറഞ്ഞു.