ന്യൂഡൽഹി : ഹിന്ദി എല്ലാ ഇന്ത്യൻ ഭാഷകളുടെയും സുഹൃത്താണെന്നും ഔദ്യോഗിക ഭാഷയെന്ന നിലയിൽ രാജ്യത്തെ ഐക്യത്തിന്‍റെ നൂലിൽ ഒന്നിപ്പിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സെപ്‌റ്റംബര്‍ 14ന് ഹിന്ദി ദിവസ് ആചരിക്കുന്നതിന്‍റെ ഭാഗമായി ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഹിന്ദി ഉൾപ്പെടെയുള്ള എല്ലാ പ്രാദേശിക ഭാഷകളുടെയും സമാന്തര വികസനത്തിനായി പ്രവര്‍ത്തിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
''ഹിന്ദി ഭാഷയുടെ സംരക്ഷണത്തിലും പ്രോത്സാഹനത്തിലും സംഭാവനകൾ നൽകിയ മഹത് വ്യക്തികളെ ഞാൻ അഭിവാദ്യം ചെയ്യുന്നു. എല്ലാവർക്കും ഹിന്ദി ദിവസ് ആശംസകൾ,'' അമിത് ഷാ പറഞ്ഞു. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് സൂറത്തിൽ സംഘടിപ്പിച്ച രണ്ടാമത് അഖിലേന്ത്യ ഔദ്യോഗിക ഭാഷ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് കേന്ദ്ര മന്ത്രി ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്.