ന്യൂഡല്‍ഹി:ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരെ ഓഹരി കൃത്രിമം നടത്തിയെന്ന സ്‌ഫോടനാത്മ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ തനിക്കും സ്ഥാപനത്തിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സണ്‍. സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ തനിക്കെതിരെ യുഎസില്‍ മൂന്ന് ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നടക്കുകയോ, ഫിനാന്‍ഷ്യല്‍ ഇന്‍ഡസ്‌ട്രി റെഗുലേറ്ററി അതോറിറ്റി (ഫിന്‍ റ) സ്ഥാപനത്തെ നിരോധിക്കുകയോ, അക്കൗണ്ടുകള്‍ മരവിപ്പിക്കുകയോ ചെയ്‌തിട്ടില്ലെന്ന് നഥാന്‍ ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് തന്നെ വിലക്കിയെന്നുള്ള വാദമുഖങ്ങളും പച്ചക്കള്ളമാണെന്ന് അദ്ദേഹം അറിയിച്ചു.
കള്ളം പ്രചരിപ്പിക്കാതെ ഇരിക്കൂ:അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെക്കുറിച്ചുള്ള ഒരു മാധ്യമ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചാണ് നഥാന്‍ ആന്‍ഡേഴ്‌സണ്‍ തനിക്കെതിരെ ഉയരുന്ന വ്യാജവാര്‍ത്തകളെ പൊളിച്ചെറിഞ്ഞത്. "ഞങ്ങളെ ഫിന്‍ റ നിരോധിച്ചു (ഇല്ല); ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു (ഇല്ല); ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌ത കമ്പനികളെക്കുറിച്ച് പ്രസിദ്ധീകരണം പാടില്ല (അങ്ങനെയൊരു കാര്യമേ ഇല്ല); അന്വേഷണത്തിന്‍റെ നിഴലിലാണ് (അല്ല)" എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
എല്ലാം 'വീണത് ഇവിടെ' വച്ച്: യു.എസ് ആസ്ഥാനമായി 2017 ല്‍ നഥാന്‍ അന്‍ഡേഴ്‌സണ്‍ സ്ഥാപിച്ച ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്, ബിസിനസ് ഭീമന്‍ അദാനി ഗ്രൂപ്പിനെതിരെ ഏറെ കോളിളക്കം സൃഷ്‌ടിച്ച റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഇക്കഴിഞ്ഞ ജനുവരി 24 നാണ്. അദാനി ഗ്രൂപ്പ് 'പതിറ്റാണ്ടുകളായി വൻതോതിലുള്ള ഓഹരി കൃത്രിമത്വത്തിലും അക്കൗണ്ടിങ് തട്ടിപ്പിലും ഏർപ്പെട്ടിരുന്നു'വെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആരോപിച്ചത്. 100 ലധികം പേജുകളുള്ള റിപ്പോര്‍ട്ടില്‍ 'കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചതി'യെന്നും ഹിന്‍ഡന്‍ബര്‍ഗ് ഇതിനെ വിമര്‍ശിച്ചിരുന്നു. മാത്രമല്ല ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്‍റെ ഓഹരികളിൽ 100 ബില്യൺ ഡോളറിലധികം നഷ്‌ടവുമുണ്ടായി.