ഗുവഹത്തി: അസമിൽ ഹിമാന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. അസമിലെ 15-ാമത്തെ മുഖ്യമന്ത്രിയായാണ് ഹിമാന്ത ബിശ്വ ശർമ ചുമതലയേൽക്കുക. ഗുവാഹത്തിയില്‍ ചേർന്ന നിയമസഭ കക്ഷി യോഗത്തിലാണ് ഹിമാന്തയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
സര്‍ബാനന്ദയ്ക്ക് ശേഷം
സർബാനന്ദ സോനാവാളിന് ശേഷം സംസ്ഥാനത്തെ അടുത്ത ബിജെപി മുഖ്യമന്ത്രിയാകുകയാണ് ഹിമാന്ത ബിശ്വ ശർമ. ബിശ്വ ശർമ ഗവർണറെ കാണുകയും തുടർന്ന് ഗവർണർ സർക്കാർ രൂപീകരണത്തിന് അനുമതി നൽകുകയുമായിരുന്നു. ഇന്ന് 12 മണിക്കാകും മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറുക. സംസ്ഥാനത്ത് തുടർഭരണത്തിന് അവസരം നൽകിയ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും അസമിലെ ജനങ്ങൾക്കായി അഹോരാത്രം പ്രവർത്തിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
തര്‍ക്കത്തിനൊടുവില്‍
ഒരാഴ്ചയിലേറെയായി മുഖ്യമന്ത്രി പദത്തെ ചൊല്ലി സര്‍ബാനന്ദ സോനാവാളിനും ഹിമാന്ത ബിശ്വ ശർമ്മക്കുമിടയില്‍ തര്‍ക്കം നിന്നിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിജെപി ദേശീയ നേതൃത്വം ഇരുവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി പദത്തിൽ തീരുമാനമായത്. കഴിഞ്ഞ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു ശർമ. അസമിനെ കൂടുതൽ ഉയർച്ചയിലെത്തിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുപാലിക്കുന്ന രീതിയിലാകും തന്‍റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അസമിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഖ്യ പങ്കു വഹിച്ച നേതാവാണ് ശർമ. ജലൂക്ബാരി മണ്ഡലത്തിൽ നിന്ന് നാല് തവണ തുടർച്ചയായി വിജയിച്ച നേതാവ് കൂടിയാണ് അദ്ദേഹം. 1,01,911വോട്ടിന്‍റെ മാർജിനിലാണ് അദ്ദേഹം ഇത്തവണ വിജയിച്ചത്.