ഗുവാഹത്തി: അസമിലെ നിരോധിത തീവ്രവാദ സംഘടനയായ ഉൾഫയുടെ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം) പ്രധാന വിഭാഗം സമാധാന കരാറിൽ ഒപ്പുവച്ചത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സമാധാനപരവും സമൃദ്ധവും വികസിതവുമായ അസം ഓരോ ഇന്ത്യക്കാരന്‍റെയും സ്വപ്‌നമാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അശ്രാന്ത പരിശ്രമം മൂലം അത് പൂർത്തീകരിക്കപ്പെടുകയാണെന്നും അദ്ദേഹം എക്‌സില്‍ പറഞ്ഞു (Himanta Biswa Sarma on ULFA Peace Accord).
ഉൾഫയുമായി സമാധാന കരാർ ഒപ്പുവച്ചതിന് പിന്നാലെ കേന്ദ്ര മന്ത്രിമാരും മറ്റ് ബിജെപി മുഖ്യമന്ത്രിമാരും എക്‌സിൽ പോസ്‌റ്റ് ചെയ്‌ത അഭിനന്ദനങ്ങൾക്കുള്ള മറുപടിയായാണ് ഹിമന്ത ബിശ്വ ശർമ്മ ഇക്കാര്യങ്ങൾ എക്‌സിൽ കുറിച്ചത്. ഉൾഫയുമായുള്ള കരാർ ഒപ്പിടുന്നത് അസമിന്‍റെ മാത്രമല്ല, മേഖലയുടെ മുഴുവൻ സമഗ്ര വികസനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. "ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ആശീർവാദത്തോടെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒരുമിച്ച് ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ സംഭാവന നൽകും," ശർമ്മ എക്‌സിൽ എഴുതി.
വികസന യാത്ര തുടരാൻ ഉൾഫയുമായി ശാശ്വത സമാധാനത്തിലെത്താന്‍ ആളുകൾ ആഗ്രഹിച്ചതായും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അനുഗ്രഹത്തോടെ സംസ്ഥാനത്ത് നിലനിൽക്കുന്ന സമാധാനത്തിനൊപ്പം അസം കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ ഒരുങ്ങുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.