ഗുവാഹത്തി: ഒരാഴ്ച നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിജെപി നേതാവ് ഹിമാന്ത ബിശ്വ ശർമ്മ അസം മുഖ്യമന്ത്രിയാകും. ഗുവാഹത്തിയില്‍ ചേർന്ന നിയമസഭ കക്ഷി യോഗത്തിലാണ് ഹിമാന്തയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഹിമാന്ത സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. വൈകിട്ട് നാലിന് ബിജെപി ഗവർണറെ കാണും. മുഖ്യമന്ത്രി സർബാനന്ദ സോനോവാള്‍ ഗവർണർ ജഗദീഷ് മുഖിക്ക് ഇന്ന് രാജികത്ത് നല്‍കിയിരുന്നു. സർബാനന്ദ സോനോവാളാണ് ഹിമാന്ത ബിശ്വ ശർമ്മയുടെ പേര് നിർദേശിച്ചത്.
ഒരാഴ്ചയിലേറെയായി മുഖ്യമന്ത്രി പദത്തെ ചൊല്ലി സര്‍ബാനന്ദ സോനാവാളിനും ഹിമാന്ത ബിശ്വ ശർമ്മക്കുമിടയില് തര്‍ക്കം നിന്നിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിജെപി ദേശീയ നേതൃത്വം ഇരുവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് കൺവീനറായ ഹിമാന്ത ബിശ്വ ശര്‍മ്മ കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു.