ഷിംല:ഹിമാചൽ പ്രദേശിനെ ദുരിതത്തിലാക്കിയ പ്രളയത്തിൽ ഇതുവരെ 199 പേർ മരിച്ചതായും ആയിരക്കണക്കിന് കോടിയോളം രൂപയുടെ നാശനഷ്‌ടമുണ്ടായതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. മണ്‍സൂണ്‍ ആരംഭിച്ചതിന് പിന്നാലെ 41 ദിവസത്തോളമായി ഹിമാചലിൽ മഴ നിർത്താതെ ദുരിതം വിതച്ചുകൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യയെ ആകെ തകർത്ത പ്രളയത്തിൽ നിന്ന് പതിയെ കരകയറുകയാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളും.
അതേസമയം, ഹിമാചൽ പ്രദേശിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കം കുറയുന്നതിനനുസരിച്ച് ജീവന്‍റേയും സ്വത്തുക്കളുടേയും നാശനഷ്‌ടങ്ങളുടെ കണക്ക് വർധിച്ച് വരികയാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്‌തമാക്കി.
ഹിമാചല്‍ പ്രളയത്തിൽ ജീവൻ നഷ്‌ടപ്പെട്ട 199 പേരിൽ 57 പേർ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമാണ് മരിച്ചത്. 142 പേർ റോഡപകടങ്ങൾ മൂലമോ, കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സംഭവങ്ങളിലോ ആണ് മരിച്ചത്. സംസ്ഥാനത്ത് വിവിധ അപകടങ്ങളിൽ പെട്ട് കാണാതായ 31 പേരെ ഇനിയും കണ്ടെത്താനുണ്ട്. കൂടാതെ മഴക്കെടുതിയിൽ 229 പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്‌തമാക്കി.
വെള്ളപ്പൊക്കം കുറയുന്നതിനനുസരിച്ച് മാത്രമേ നാശനഷ്‌ടങ്ങളുടെ കൃത്യമായ കണക്ക് ലഭിക്കുകയുള്ളു എന്ന് ഹിമാചൽ പ്രദേശ് ദുരന്തനിവാരണ പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു. കണക്കുകൾ പ്രകാരം മണ്‍സൂണ്‍ കാലയളവിലുണ്ടായ പ്രളയക്കെടുതിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ മാത്രം നഷ്‌ടം 6563.58 കോടി രൂപയായാണ് കണക്കാക്കുന്നത്. മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്ത് 774 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്.