ഷിംല:രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്‌ടം. കനത്ത മഴയിലും ഉരുൾപൊട്ടലിലും 33 പേരാണ് ഈ സംസ്ഥാനങ്ങളിൽ മരിച്ചത്. ഹിമാചലിൽ പ്രളയക്കെടുതി രൂക്ഷം : ഹിമാചൽ പ്രദേശിൽ മാത്രം 22 പേരാണ് കൊല്ലപ്പെട്ടത്. മാണ്ഡി, കാംഗ്ര, ചമ്പ എന്നിവിടങ്ങളിൽ മാത്രം ഉരുൾപൊട്ടലിൽ 16 പേർ കൊല്ലപ്പെടുകയും ഒരു കുടുംബത്തിലെ എട്ട് പേരെ കാണാതാകുകയും ചെയ്‌തു. കാഷൻ ഗ്രാമത്തിൽ മലയിടിച്ചിലിൽ വീടു തകർന്ന് എട്ടംഗ കുടുംബം മരിച്ചു. ബാഘി, ഓൾഡ് കടോല, ലാമാത്താച്ച്, തുനാഗ് എന്നിവിടങ്ങളിൽ ഒട്ടേറെ വാഹനങ്ങളും വീടുകളും തകർന്നു.
ശനിയാഴ്‌ച പെയ്‌ത കനത്ത മഴയിൽ കാംഗ്രയിലെ ചക്കി പാലം തകർന്നത് പത്താൻകോട്ടിനും ജോഗീന്ദർനഗറിനും ഇടയിലുള്ള ട്രെയിൻ ഗതാഗതം നിലയ്ക്കാൻ കാരണമായി. മാണ്ഡിയിലെ മണാലി-ചണ്ഡീഗഡ് ദേശീയപാത, ഷോഗിയിലെ ഷിംല-ചണ്ഡീഗഡ് ദേശീയപാത എന്നിവിടങ്ങളിലുൾപ്പെടെ 743 റോഡുകളിലെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
ഉത്തരാഖണ്ഡിൽ നാല് മരണം : ഉത്തരാഖണ്ഡിൽ ശനിയാഴ്‌ച പുലർച്ചെയുണ്ടായ മേഘവിസ്‌ഫോടനങ്ങളിൽ നാല് പേർ മരിച്ചു. നദികൾ കരകവിഞ്ഞ് ഒഴുകുകയും പാലങ്ങൾ ഒലിച്ചുപോകുകയും 10 പേരെ കാണാതാകുകയും ചെയ്‌തു. പൗരി ജില്ലയിൽ എല്ലാ അംഗൻവാടികൾക്കും സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി ഗ്രാമങ്ങളിൽ നിന്നായി ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ഋഷികേശ് – ബദരീനാഥ്, ഋഷികേശ് – ഗംഗോത്രി ദേശീയപാതയിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടു. മുസൂറിക്കു സമീപം വിനോദസഞ്ചാര കേന്ദ്രമായ കെംപ്‌തി വെള്ളച്ചാട്ടവും അപകടകരമായ നിലയിലാണ്. തെഹ്‌രി ജില്ലയിലെ ഗ്വാദ് ഗ്രാമത്തിൽ പ്രളയത്തിൽ 7 പേരെ കാണാതായി. കോതാർ, ബിനാക്, ഭെയ്ൻസ്വാദ് ഗ്രാമങ്ങളിൽ പ്രളയം കനത്ത നാശമുണ്ടാക്കി.