ഷിംല: ഹിമാചലിലുണ്ടായ മണ്ണിടിച്ചിലില്‍ 48 പേര്‍ കൊല്ലപ്പെട്ടു. ഷിംലയിലുണ്ടായ മറ്റൊരു മണ്ണിടിച്ചിലില്‍ ഒമ്പതുപേര്‍ ക്ഷേത്രം തകര്‍ന്ന് അതിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയിലാണ്. അതേസമയം, സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴ കനത്ത നാശനഷ്‌ടമാണ് വിതയ്‌ക്കുന്നത്.
പെയ്‌തൊഴിയാതെ ഭീതി:പേമാരിയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ സംസ്ഥാന പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. മാത്രമല്ല ഷിംലയിലെ സമ്മര്‍ ഹില്‍ ഏരിയയിലെ ശിവക്ഷേത്രത്തിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ 15 പേര്‍ കൂടി കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നുണ്ട്. കാരണം മണ്ണിടിച്ചില്‍ നടന്ന ദിവസം ആരാധനാലയങ്ങളിലെല്ലാം ഭക്തരെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു.
അതേസമയം സമ്മർ ഹിൽ മേഖലയിലെ ഒരു ശിവക്ഷേത്രത്തിൽ നിന്ന് ഒമ്പത് മൃതദേഹങ്ങൾ പുറത്തെടുത്തതായി മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു അറിയിച്ചിരുന്നു. മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് 752 റോഡുകൾ അടച്ചിട്ടുണ്ടെന്ന് സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്‍ററും അറിയിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്‌ച അവധിയും പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ സന്ദേശം ഇങ്ങനെ: കഴിഞ്ഞ 48 മണിക്കൂറായി തുടർച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് ഹിമാചൽ പ്രദേശിൽ വീണ്ടും ദുരന്തമുണ്ടായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ മേഘസ്‌ഫോടനങ്ങളിലും മണ്ണിടിച്ചിലിലും വിലപ്പെട്ട ജീവനുകളും സ്വത്തുക്കളും നഷ്‌ടപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും ജലാശയങ്ങളിൽ നിന്ന് അകന്നുനിൽക്കാനും ഞാന്‍ ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു ഒരു എക്സ് (പഴയ ട്വിറ്റർ) സന്ദേശത്തിൽ അറിയിച്ചു.