ന്യൂഡൽഹി:ഹിമാചൽ പ്രദേശിലെ കിനൗർ ജില്ലയിൽ പാലം തകർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതേസമയം പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എത്തിക്കും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
രാഷ്‌ടപതി രാംനാഥ് കോവിന്ദും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയിരുന്നു. കൂടാതെ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലിനെ തുടർന്ന് കിനൗറിലെ ബസ്തേരി പാലം തകർന്ന് ഒമ്പത് പേർ മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കുന്നിൻ മുകളിലുണ്ടായ മണ്ണിടിച്ചിലിൽ കുന്നിന്‍റെ താഴെ സ്ഥിതിചെയ്തിരുന്ന പാലത്തിലേക്ക് വലിയ പാറ കഷണങ്ങൾ വന്ന് പതിച്ചാണ് അപകടമുണ്ടായത്.
READ MORE:ഹിമാചൽ പ്രദേശിൽ പാലം തകർന്ന് 9 പേർ മരിച്ചു; 3 പേർക്ക് പരിക്ക്
അതേസമയം മരിച്ച ഒമ്പത് പേരും പാലത്തിലൂടെ വാഹനത്തിൽ പോവുകയായിരുന്ന ടൂറിസ്റ്റുകളാണെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് സാജു രാം റാണ പറഞ്ഞു. ഡ്രൈവർ ഉൾപ്പെടെ 11 പേരടങ്ങുന്ന സംഘമായിരുന്നു അപകടത്തിൽപ്പെട്ടത്. ബാക്കിയുള്ളവരുടെ സ്ഥിതി ഗുരുതരമായി തുടരുന്നുവെന്നും അദ്ദേഹം അറിയിച്ചു.