ഹിമാചൽ പ്രദേശിൽ മോദി മാജികിന്‍റെ പ്രതിഫലനമുണ്ടാകുമോ അതോ ഭരണവിരുദ്ധ വികാരം അലയടിക്കുമോ എന്ന ചോദ്യം നിലനിൽക്കുമ്പോഴും ബിജെപിയും കോൺഗ്രസും തമ്മിലുള്ള ശക്തമായ പോരാട്ടത്തിന്‍റെ സൂചനയാണ് ഹിമാചലിലെ വോട്ടർമാർ നൽകുന്നത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും എങ്ങനെ ഭരണം പിടിച്ചെടുക്കാം എന്നതിനുള്ള തന്ത്രങ്ങൾ ഭരണകക്ഷിയായ ബിജെപിയ്ക്ക് അറിയാമെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിശ്വസിക്കുമ്പോഴും ഏതു വിധേനെയും സംസ്ഥാനം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നേതാക്കളും പാർട്ടി പ്രവർത്തകരും നടത്തുന്നത്.
ഇറങ്ങിക്കളിച്ച് മോദി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ സന്ദർശനത്തോടെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നത്. സംസ്ഥാന സർക്കാരിനെതിരെ താഴെത്തട്ടിൽ വർധിച്ചുവരുന്ന ഭരണവിരുദ്ധതയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സീറ്റുകൾ വിതരണം ചെയ്‌തതിൽ പാർട്ടി നേതാക്കൾക്കിടയിൽ തന്നെയുള്ള കടുത്ത നീരസവും മനസിലാക്കി, പാർട്ടിയ്ക്കുള്ളിൽ ഉണ്ടാകുന്ന മുറുമുറുപ്പ് ഒഴിവാക്കുകയായിരുന്നു മോദിയുടെ സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം.
വോട്ട് ചെയ്യുന്ന വേളയിൽ സ്ഥാനാർഥിയെ അവഗണിച്ച് താമര ചിഹ്നത്തിൽ മാത്രം ഓർക്കണമെന്നും മോദിജിയാണ് നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നതെന്ന് എന്ന് വിശ്വസിക്കണമെന്നും സോളനിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞിരുന്നു. 2014ൽ കേന്ദ്രത്തിൽ ഭരണം ലഭിച്ചതു മുതലാണ് ബിജെപി നരേന്ദ്ര മോദി പ്രഭാവത്തെ വളരെയധികം ആശ്രയിക്കാൻ തുടങ്ങിയത്. അന്നുമുതൽ ഇത്തരം അവകാശവാദം സാധാരണമാണ്. എന്നാൽ വോട്ടർമാരാൽ തെരഞ്ഞെടുക്കപ്പെടുന്നവർ അപ്രസക്‌തരാണെന്നും സ്ഥാനാർഥിത്വം വെറും ഔപചാരികത മാത്രമാണെന്നുമുള്ള മോദിയുടെ വാക്കുകൾ ബിജെപി ടിക്കറ്റിൽ ആരു ജയിച്ചാലും താനും കേന്ദ്രവുമായിരിക്കും സംസ്ഥാനം ഭരിക്കുന്നതെന്നുള്ളതിന്‍റെ സൂചന കൂടിയാണ്.
എന്തൊക്കെ ചർച്ചയാകും: എന്തുകൊണ്ടാണ് സ്ഥാനാർഥികളെ അവഗണിച്ച് പാർട്ടിയ്ക്ക് വോട്ട് ചെയ്യാൻ പ്രധാനമന്ത്രിയ്ക്ക് ജനങ്ങളോട് അഭ്യർഥിക്കേണ്ടി വരുന്നത്? ബിജെപിയും കോൺഗ്രസും ഹിമാചൽ പ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന സർവേകൾ മാത്രമല്ല ഇതിന് കാരണം. ജനങ്ങൾക്കിടയിൽ പ്രീതി നഷ്‌ടപ്പെട്ട മുഖ്യമന്ത്രി ജയ്‌റാം താക്കൂർ അടങ്ങുന്ന പാർട്ടിയുടെ ഭരണക്രമീകരണമാണ് പ്രധാനമന്ത്രിയ്ക്ക് ഇങ്ങനെ പറയേണ്ടി വന്നതിന്‍റെ കാരണം.
പാർട്ടി അധ്യക്ഷൻ ജെപി നദ്ദയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും സംസ്ഥാനത്ത് നടത്തിയ കനത്ത പ്രചാരണങ്ങൾക്കിടയിലാണ് മോദിയുടെ പ്രസ്‌താവന എന്ന കാര്യം ഇതിനോടൊപ്പം കൂട്ടിച്ചേർക്കേണ്ടതാണ്. തന്‍റെ രാഷ്‌ട്രീയ ജീവിതത്തിന്‍റെ ഏതാനും നാളുകൾ ഹിമാചലിൽ ചെലവഴിച്ച പ്രധാനമന്ത്രിയ്ക്ക് ഹിമാചല്‍ രാഷ്‌ട്രീയത്തിലുള്ള അതീവ താത്പര്യവും ഇത് സൂചിപ്പിക്കുന്നു.
ഉയർന്ന ജാതിയിലുള്ളവരെന്ന് വിളിക്കപ്പെടുന്നവർ കൂടുതലുള്ള ഹിമാചൽ പ്രദേശിൽ ഹിന്ദു അടിത്തറ ഉറപ്പിക്കുമെന്ന് പാർട്ടി നേതൃത്വം പ്രഖ്യാപനം നടത്തിയിരുന്നു. ഉത്തരാഖണ്ഡിന് സമാനമായി ഹിമാചലിൽ തുടർഭരണം ലഭിച്ചാൽ ഏകീകൃത സിനിൽ കോഡ് നടപ്പിലാക്കുമെന്നതും പാർട്ടിയുടെ വാഗ്‌ദാനങ്ങളിൽ ഉൾപ്പെടുന്നു. ഹിന്ദു ദേശീയപാർട്ടി എന്ന നിലയിൽ പാർട്ടിയുടെ വിശ്വാസ്യതയുടെ പ്രതീകമായാണ് ഏകീകൃത സിവിൽ കോഡിനെ പാർട്ടി നേതൃത്വം കാണുന്നത്.
ക്ഷേത്രങ്ങൾ നവീകരിക്കുന്നതിലെയും രാജ്യത്തെ വിവിധ കോടതികളിലുള്ള ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട തർക്കവിഷയം ഉയർത്തിക്കൊണ്ട് വരുന്നതിലെയും പാർട്ടിയുടെ കടുത്ത ആത്മാർഥതയും ഇവിടെ പ്രസക്തമാണ്. ഹിന്ദു വിശ്വാസത്തിന്‍റെ സംരക്ഷകനായി സ്വയം ഉയർത്തിക്കാട്ടുന്നതിന് നിരവധി ക്ഷേത്രങ്ങൾ സന്ദർശിക്കാൻ തിരക്കേറിയ സംസ്ഥാന സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി മോദിയും സമയം കണ്ടെത്തിയിരുന്നു. ക്ഷേത്രങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് സംസ്ഥാനത്ത് കുതിച്ചുയരുന്ന വില, രൂക്ഷമായ തൊഴിലില്ലായ്‌മ എന്നിവ സൃഷ്‌ടിച്ച ഭരണവിരുദ്ധ വികാരം ഇല്ലാതാക്കാൻ കഴിയുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.
തൊഴിലില്ലായ്‌മ ഹിമാചൽ പ്രദേശിൽ അതിരൂക്ഷമാണെന്നാണ് സമ്പദ്‌വ്യവസ്ഥയെ നിരീക്ഷിക്കുന്ന ഒരു ഏജൻസി വിലയിരുത്തുന്നത്. രണ്ട് വർഷത്തിലേറെയായി പ്രതിരോധ സേനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനുണ്ടായ പരാജയമാണ് ഇതിന് പ്രധാന കാരണം. മറ്റ് സർക്കാർ ജോലികളിലെ നിയമനങ്ങളുടെയും സ്ഥിതി മറിച്ചല്ല. ഹിമാചൽ പ്രദേശിൽ മതപരമായ കാര്യങ്ങൾ ഉയർത്തിക്കാട്ടിയാൽ പ്രാദേശിക തലത്തിൽ പ്രീതി നേടാം എന്ന് മനസിലാക്കി കോൺഗ്രസ് പാർട്ടിയും ചെറിയ രീതിയിൽ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്.