ഹൈദരാബാദ്: ഹിമാചൽ പ്രദേശിൽ ഭരണത്തുടർച്ചയെന്ന ബിജെപിയുടെ പ്രതീക്ഷ തകർത്താണ് കോൺഗ്രസിന്‍റെ തിരിച്ചുവരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തന്ത്രങ്ങളും ഹിമാചലിൽ വിജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പുതിയ പെൻഷൻ പദ്ധതിക്കെതിരായ ജനരോഷവും തൊഴിലില്ലായ്‌മയുമാണ് ജനങ്ങളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.
ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപിയും ഭരണവിരുദ്ധ തരംഗം പ്രതീക്ഷിച്ച് കോണ്‍ഗ്രസും പോരാടിയ തെരഞ്ഞെടുപ്പിൽ ഏക വ്യക്തിനിയമം, ആപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി, പഴയ പെന്‍ഷന്‍ പദ്ധതി, വിലക്കയറ്റം, തൊഴിലില്ലായ്‌മ, അഗ്നിപഥ്, സ്ത്രീകള്‍ക്കു വാഗ്‌ദാനം ചെയ്യപ്പെട്ട സൗജന്യങ്ങൾ എന്നിവയുള്‍പ്പെടെ ചര്‍ച്ചയായിരുന്നു.
വിജയ കോൺഗ്രസ്: ഹിമാചലിലെ വിജയം കോൺഗ്രസിന് വലിയ ആശ്വാസമാണ് നൽകുന്നത്. കോൺഗ്രസിന് ശക്തമായ വേരുകളുള്ള മണ്ണിൽ നേതാക്കളുടെയും അണികളുടെയും പ്രവർത്തനത്തിലൂടെ വിജയം കൈയെത്തി പിടിക്കുകയായിരുന്നു. ഹിമാചൽ പ്രദേശിൽ 40 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തുന്നത്. ഒരു പാർട്ടിക്കും തുടർഭരണം ലഭിച്ചിട്ടില്ലാത്ത ഹിമാചലിന്‍റെ ചരിത്രത്തിൽ ബിജെപിയെ അട്ടിമറിച്ചാണ് കോൺഗ്രസിന്‍റെ ഉജ്ജ്വല വിജയം.
തെരഞ്ഞെടുപ്പ് വിജയം ദേശീയ തലത്തിൽ പാർട്ടിക്ക് പുത്തനുണർവാണ് നൽകുന്നത്. എന്നാൽ അത് മാത്രമല്ല, പ്രധാനമന്ത്രിയുടെ 'കോൺഗ്രസ് മുക്ത ഭാരത'മെന്ന ലക്ഷ്യത്തെയാണ് തെരഞ്ഞെടുപ്പ് വിജയതത്തിലൂടെ കോൺഗ്രസ് ഇല്ലാതാക്കുന്നത്. പ്രചാരണ സമയത്ത് കണ്ട പ്രിയങ്ക ഗാന്ധിയുടെ ജനപ്രീതിയും കോൺഗ്രസിന്‍റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.
സർക്കാർ രൂപീകരണം ആശങ്കയിൽ:ഭൂരിപക്ഷം നേടിയിട്ടും സർക്കാർ രൂപീകരണത്തിൽ ആശങ്കയിലാണ് കോൺഗ്രസ്. ബിജെപി തങ്ങളുടെ എംഎൽഎമാരെ ചാക്കിട്ട് പിടിക്കുമോ എന്ന ഭീതി പാർട്ടി നേതൃത്വത്തിനുണ്ട്. ജയിച്ച ജനപ്രതിനിധികളെ ഏകോപിച്ച് നിർത്താൻ കഴിഞ്ഞാൽ ഉറച്ച ചുവടുകളോടെ കോൺഗ്രസിന് ഹിമാചലിൽ മുന്നോട്ട് പോകാനാകും.
നിറം മങ്ങി ബിജെപി: കേന്ദ്ര സംസ്ഥാന ഭരണം നൽകിയ ഇരട്ട എൻജിന്‍റെ കരുത്തിൽ വിശ്വസിച്ച ബിജെപിക്ക് അടിപതറി. പാർട്ടി ദേശീയ അധ്യക്ഷന്‍റെ മണ്ണ് തന്നെ കൈവിട്ട് പോയതിൽ പരം നാണക്കേട് ബിജെപിക്ക് ഇല്ല. ദേശീയ തലത്തിൽ ഹിമാചലിലെ വിജയം പാർട്ടിക്ക് അനിവാര്യമായതിനാൽ സ്വന്തം സംസ്ഥാനത്ത് ക്യാമ്പ് ചെയ്‌താണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പ്രചാരണം നിയന്ത്രിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ശക്തമായ പ്രചരണങ്ങൾക്കൊന്നും ഹിമാചലിലെ ജനങ്ങളുടെ മനസിൽ ഇടം നേടാൻ കഴിഞ്ഞില്ല. 43 ശതമാനം വോട്ടുവിഹിതമുള്ള ബിജെപിക്ക് 25 സീറ്റ് മാത്രമാണ് നേടാനായത്. മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്‍റെ ജനപ്രീതിയിലൂടെ കോണ്‍ഗ്രസ് വോട്ടുകൾ പിടിച്ചെടുക്കാമെന്ന ബിജെപിയുടെ പ്രതീക്ഷയാണ് ഇല്ലാതായത്.
1988ൽ കോൺഗ്രസും ബിജെപിയും നിയമസഭ തെരഞ്ഞെടുപ്പിൽ 31 സീറ്റുകൾ വീതം നേടിയപ്പോൾ പാർട്ടിയെ അധികാരത്തിൽ എത്തിക്കുന്നതിന് നിർണായ ചരട് വലിച്ച അന്തരിച്ച മുൻ മുഖ്യമന്ത്രി പ്രേം കുമാർ ധുമലിനെപ്പോലൊരു നേതാവില്ലാതെ പോയതും ബിജെപിക്ക് തിരിച്ചടിയായി.
അലയടിച്ച് ഭരണ വിരുദ്ധ വികാരം: ബിജെപിയുടെ എട്ട് മന്ത്രിമാർ തോൽവി ഏറ്റുവാങ്ങിയത് വ്യക്തമാക്കുന്നത് മലനിരകളിൽ അലയടിച്ച ഭരണ വിരുദ്ധ വികാരമാണെന്ന് വ്യക്തമായി പറയാം. ഒപിഎസ് പുനഃസ്ഥാപിക്കുന്നതിനെതിരായ ബിജെപിയുടെ എതിർപ്പും സായുധസേനാ വിഭാഗമായ അഗ്നിപഥിന് വേണ്ടിയുള്ള കേന്ദ്രത്തിന്‍റെ ഹ്രസ്വകാല റിക്രൂട്ട്‌മെന്‍റ് പദ്ധതിയും സംസ്ഥാനത്തെ വോട്ടർമാർക്കിടയിൽ കടുത്ത അതൃപ്‌തി സൃഷ്‌ടിച്ചതാണ് ബിജെപിയുടെ പരാജയത്തിന് കാരണം.
എന്നാൽ ഗുജറാത്തിൽ നിന്ന് വ്യത്യസ്‌തമായി, ബിജെപിയുടെ ഭരണത്തിലെ പിഴവുകൾ ജനങ്ങൾക്കു മുന്നിൽ ഉയർത്തി കാണിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരണമെന്ന വാഗ്‌ദാനം പോലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ ഊന്നി പ്രചാരണം നടത്താൻ സാധിച്ചതാണ് കോൺഗ്രസിന് ഗുണമായത്. സർക്കാർ ജീവനക്കാരുടെയും പെൻഷകാരുടെയും അവരുടെ കുടുംബങ്ങളുടെയും പിന്തുണ നേടാൻ കഴിഞ്ഞതോടെ ഹിമാചൽ കോൺഗ്രസിനൊപ്പം നിന്നു.