ഷിംല :ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തില്‍ ഒരു മരണം. 9 പേരെ കാണാനില്ല. മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്‌ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വീടുകളും കടകളും മണ്ണിനടിയിലായി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം അഞ്ച് പേരെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തി.
കാണാതായ ഒൻപത് പേരും മണ്ണിനടിയിൽ അകപ്പെട്ടതായാണ് രക്ഷാപ്രവർത്തകർ സംശയിക്കുന്നത്. മിന്നൽ പ്രളയം വ്യാപക നാശനഷ്‌ടമുണ്ടാക്കിയ കാൻഗ്ര ജില്ലയിലെ ബോ ഗ്രാമത്തിൽ മുഖ്യമന്ത്രി ജയ് റാം താക്കൂർ വ്യോമ നിരീക്ഷണം നടത്തി. തുടർന്ന് ദുരിതബാധിതരായ കുടുംബങ്ങളെയും അദ്ദേഹം സന്ദർശിച്ചു.
ദുരിതബാധിത പ്രദേശങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ മുഖ്യമന്ത്രി ജില്ല ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 4,00,000 രൂപ വീതം നൽകുമെന്നും വീടുകൾ തകർന്ന ആളുകൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും താക്കൂർ അറിയിച്ചു.