ന്യൂഡൽഹി: ഹിമാചൽ പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ വിജയത്തിന് തിളക്കം കൂട്ടിയതില്‍ പ്രധാനപങ്കുണ്ട് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ താരപ്രചാരണത്തിന്. സംസ്ഥാനത്തെ പാര്‍ട്ടിയ്‌ക്കും ജനങ്ങള്‍ക്കും വലിയ ആവേശം പകരാന്‍ അവരുടെ സാന്നിധ്യത്തിനായിരുന്നു. സംസ്ഥാന ഭരണം കോണ്‍ഗ്രസ് പിടിച്ചതോടെ പ്രിയങ്ക ഗാന്ധിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാര്‍ട്ടി നേതാക്കള്‍.
ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്‌ക്ക് ജയിക്കാനായത് പ്രിയങ്ക ഗാന്ധിയുടെ കഠിനാധ്വാനമാണെന്ന് സംസ്ഥാന ചുമതലയുള്ള കോണ്‍ഗ്രസ് ദേശീയ നേതാവ് രാജീവ് ശുക്ല പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തേയും നേതൃത്വത്തേയും അദ്ദേഹം അഭിനന്ദിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമയും പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രശംസിച്ചു. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഈ വിജയം ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്കയുടെ പ്രചാരണം ലക്ഷ്യം കണ്ട തെരഞ്ഞെടുപ്പ്:പ്രിയങ്ക ഗാന്ധി, പ്രചാരണ ചുമതല ഏറ്റെടുത്ത ശേഷമുണ്ടാവുന്ന ആദ്യ തെരഞ്ഞെടുപ്പ് വിജയമാണിത്. ഇക്കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ അവർ പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നെങ്കിലും പാര്‍ട്ടിയ്‌ക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയ്‌ക്കും പ്രിയങ്കയ്‌ക്കും വലിയ ശുഭാപ്‌തിവിശ്വാസം നല്‍കുന്ന വിജയം കൂടിയാണിത്.
ALSO READ|ഹിമാചലില്‍ കോൺഗ്രസിന് ശ്വാസമായത് പ്രിയങ്ക ഗാന്ധി: വിജയിച്ചത് 'പരിവർത്തൻ പ്രതിജ്ഞ'
അഞ്ച് വർഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് ഹിമാചലില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത്. കോൺഗ്രസിന്‍റെ ലീഡ് കേവലഭൂരിപക്ഷം കടന്നപ്പോള്‍ തന്നെ ദേശീയ നേതാക്കൾ ഹിമാചലിലേക്ക് പുറപ്പെട്ടിരുന്നു. 39 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. 26 സീറ്റാണ് ബിജെപി നേടിയത്. ആംആദ്‌മി പാര്‍ട്ടിയ്‌ക്ക് ഒരു മുന്നേറ്റവും നടത്താന്‍ ആവാത്ത സംസ്ഥാനത്ത് മറ്റുള്ളവര്‍ (Others) മൂന്ന് സീറ്റാണ് നേടിയത്.