കിന്നൗർ: വരുന്ന ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ ആദ്യ വോട്ടര്‍. നവംബർ 12 ന് നടക്കുന്ന വോട്ടെടുപ്പില്‍ പോസ്‌റ്റല്‍ ബാലെറ്റൊന്നും വേണ്ട താന്‍ നേരിട്ട് എത്തിക്കോളാമെന്നാണ് ശ്യാം ശരൺ നേഗിയെന്ന ഈ 106 വയസുകാരന്‍റെ കടുത്ത നിലപാട്. വീട്ടിൽ പോസ്‌റ്റല്‍ വോട്ട് ചെയ്യാനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പാട് ചെയ്യാമെന്ന് ഉദ്യോഗസ്ഥര്‍ പറയുകയും അപേക്ഷ ഫോമുകള്‍ നല്‍കുകയും ചെയ്‌തെങ്കിലും സന്തോഷപൂര്‍വം നിരസിക്കുകയായിരുന്നു അദ്ദേഹം.
നല്‍കുക ഊഷ്‌മളമായ സ്വീകരണം:രാജ്യത്തിന്‍റെ അഭിമാനമായ വോട്ടറുടെ ആഗ്രഹം പോലെ കാര്യങ്ങള്‍ നടക്കട്ടെയെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷം. ശ്യാം ശരൺ നവംബർ 12 ന് കല്‍പ പോളിങ് സ്റ്റേഷനിലെത്തി തന്‍റെ സമ്മതിദാനാവകാശം രേഖപ്പെടുത്തുമെന്നും അദ്ദേഹത്തിന് ഊഷ്‌മളമായ സ്വീകരണം നൽകുമെന്നും ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ ആബിദ് ഹുസൈൻ സാദിഖ് പറഞ്ഞു. 1951ലെ രാജ്യത്തിന്‍റെ ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതല്‍ എല്ലാ ഇലക്ഷനിലും തന്‍റെ വോട്ട് പാഴാക്കാതെ നോക്കാന്‍ നേഗി അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട്.