ഷിംല:ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് വൈകിട്ട് വീണ്ടും യോഗം ചേരും. വെള്ളിയാഴ്‌ച നടന്ന യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സമവായത്തിലൂടെ ഒരു നേതാവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഈ യോഗത്തില്‍ നിയമസഭ കക്ഷി നേതാവിനെ നിശ്ചയിക്കാനായി കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ചുമതലപ്പെടുത്തികൊണ്ട് പ്രമേയം പാസാക്കിയിരുന്നു.
ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ നിയമസഭ കക്ഷി നേതാവിനെയാണ് സര്‍ക്കാര്‍ രൂപീകരിക്കാനായി ഗവര്‍ണര്‍ ക്ഷണിക്കുക. കേന്ദ്ര നേതൃത്വം അയച്ച നിരീക്ഷകര്‍ ഓരോ കോണ്‍ഗ്രസ് എംഎല്‍എ മാരുടെയും അഭിപ്രായം തേടുന്നുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. ആകെയുള്ള 68 സീറ്റുകളില്‍ 40 സീറ്റുകള്‍ വിജയിച്ചാണ് ഹിമാചലില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വലിയ വടം വലിയാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. ഇന്ന് രാവിലെ മുതല്‍ എഐസിസി നിരീക്ഷകരായ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭുപേഷ് ഭഗേലും മുന്‍ ഹരിയാന മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ് ഹൂഡയും ഹിമാചല്‍ പ്രദേശിന്‍റെ ചുമതലയുള്ള രാജീവ് ശുക്ലയും താമസിക്കുന്ന സെസിൽ ഹോട്ടലിന് മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ വലിയ നിര തന്നെയാണ് ദൃശ്യമായത്. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭ സിങ്, കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന മുകേഷ് അഗ്‌നിഹോത്രി, തെരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി തലവനായിരുന്ന സുഗ്‌വീന്ദര്‍ സിങ് സുഖു എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി പാര്‍ട്ടിക്കുള്ളില്‍ മല്‍സരിക്കുന്നത്. ഇവര്‍ എഐസിസി നിരീക്ഷകരുമായി ഒറ്റയ്‌ക്ക് ഒറ്റയ്‌ക്ക് ചര്‍ച്ച നടത്തി.
വെള്ളിയാഴ്‌ച രാജീവ് ശുക്ലയും എഐസിസി നിരീക്ഷകരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ കണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ലിസ്റ്റ് സമര്‍പ്പിക്കുകയും സര്‍ക്കാര്‍ രൂപികരണത്തിനുള്ള അവകാശവാദം ഉന്നയിക്കാനായി സാവകാശവും തേടിയിരുന്നു.