ന്യൂഡല്‍ഹി:ഹിജാബ് വിവാദം ഉയര്‍ത്തികൊണ്ടുവന്നതിന്‍റെ സമയത്തെ ചോദ്യം ചെയ്ത് ബിജെപി. ഹിജാബ് വിവാദം ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചനയാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം ഹിജാബ് കേസിലെ വാദം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിക്കപ്പെട്ടു.
പൊതുവിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം തേടി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ തന്നെയാണ് ഉപഹര്‍ജി നല്‍കിയത്. എന്നാല്‍ ഉഹര്‍ജി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ കാര്യം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്ന നിലപാടാണ് കര്‍ണാടക ഹൈക്കോടതി സ്വീകരിച്ചത്.
കുട്ടികള്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പുകളുമായി എന്താണ് ബന്ധം എന്ന ചോദ്യമാണ് ഉപഹര്‍ജി നല്‍കിയതില്‍ ബിജെപി ജനറല്‍ സെക്രട്ടറി സി.ടി രവിയുടെ പ്രതികരണം. ഹിജാബ് വിവാദം ആസൂത്രണത്തിന്‍റെ ഭാഗമായി ഉയര്‍ത്തികൊണ്ടുവന്നതാണെന്നതില്‍ ഇതില്‍ കൂടുതല്‍ തെളിവ് വേണോ എന്നും അദ്ദേഹം ചോദിച്ചു. ഹിജാബ് ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ ഹിജാബോ മറ്റേതെങ്കിലും മത വസ്ത്രങ്ങളോ അണിഞ്ഞ് വിദ്യാലയങ്ങളില്‍ വരാന്‍ പാടില്ലെന്ന ഉത്തരവാണ് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ചത്.