ബെംഗളൂരു: ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരുന്ന കര്‍ണാടകയില്‍ പ്രീ യൂണിവേഴ്‌സിറ്റി കോളജുകള്‍ (ഹയർ സെക്കന്‍ഡറി) ഫെബ്രുവരി 15 വരെ അടച്ചിടും. ഇത് സംബന്ധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. ഫെബ്രുവരി 9ന് അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫെബ്രുവരി 14ന് തുറക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
സംസ്ഥാനത്തെ ക്രമ സമാധാനം നിലനിര്‍ത്തുന്നതിനായി മുന്‍കരുതലെന്ന നിലയിലാണ് നടപടി സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിഗ്രി, ഡിപ്ലോമ കോളജുകള്‍ ഫെബ്രുവരി 16 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, ഫെബ്രുവരി 14 മുതല്‍ 9, 10 ക്ലാസുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഹിജാബ് വിലക്കിയതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാർ ഉത്തരവിറക്കിയത്.