ബെംഗളൂരു:ഹിജാബ് ഇസ്ലാമിന്‍റെ അനിവാര്യമായ മതപരമായ ആചാരമല്ലെന്നും ഹിജാബിന്‍റെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 25-ാം അനുച്ഛേദം ലംഘിക്കുന്നില്ലെന്നും കർണാടക സർക്കാർ ഹൈക്കോടതിയിൽ. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്‍റെ മതപരമായ ആചാരമല്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് കർണാടക സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് നവദ്ഗി ഹൈക്കോടതിയെ അറിയിച്ചു.
ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് ജെ എം ഖാസി, ജസ്റ്റിസ് കൃഷ്‌ണ എം. ദീക്ഷിത് എന്നിവരടങ്ങിയ ഹൈക്കോടതി ഫുൾ ബെഞ്ചാണ് വാദം കേട്ടത്. വിദ്യാർഥികളെ ഹിജാബോ കാവി ഷാളോ ധരിക്കുന്നത് വിലക്കിയ കർണാടക സർക്കാരിന്‍റെ ഫെബ്രുവരി 5ലെ ഉത്തരവ് ആർട്ടിക്കിൾ 25ന്‍റെ ലംഘനമാണെന്ന ചില മുസ്ലിം പെൺകുട്ടികളുടെ ആരോപണവും അഡ്വക്കേറ്റ് ജനറൽ തള്ളി. സർക്കാർ ഉത്തരവ് എല്ലാ പൗരന്മാർക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) ലംഘിക്കുന്നില്ലെന്നും നവദ്ഗി വാദിച്ചു.