ന്യൂഡൽഹി:ഹിജാബ് വിഷയത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ടിനായി ബിജെപി രാജ്യത്ത് വർഗീയതയുടെ നിറം നൽകുകയാണെന്ന് കോണ്‍ഗ്രസ് എംപി ഹൈബി ഈഡൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബോധപൂർവമായുള്ള ബിജെപിയുടെ നീക്കമാണിതെന്നും, അത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുമെന്നും ഹൈബി ഈഡൻ ഇടിവി ഭാരതിനോട് പറഞ്ഞു.
'രാജ്യത്ത് ജനങ്ങൾക്ക് ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും മാർഗങ്ങളുണ്ട്. ഭരണഘടനയിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുള്ള അവരുടെ മൗലികാവകാശങ്ങളാണിവ. ഇന്ത്യൻ പാർലമെന്‍റിൽ പോലും ഓരോരുത്തരും അവരവരുടെ ഇഷ്‌ടത്തിനാണ് വസ്‌ത്രം ധരിക്കുന്നത്. കാവി വസ്ത്രം ധരിച്ചവരെയും, തലപ്പാവ് ധരിച്ചവരേയും, മുസ്ലീം തൊപ്പികൾ ധരിച്ചവരേയും ഒക്കെ നമുക്ക് കാണാൻ സാധിക്കും. ഇത് ഇന്ത്യയുടെ പ്രത്യേകതയും വൈവിധ്യവുമാണ് കാട്ടിത്തരുന്നത്'. ഹൈബി ഈഡൻ പറഞ്ഞു.
'ബേഠി ബച്ചാവോ, ബേഠി പഠാവോ' എന്നതാണ് ഈ സർക്കാരിന്‍റെ മുദ്രാവാക്യം. എന്നാൽ ഈ രാജ്യത്തെ പെൺകുട്ടികൾക്ക് സാമാന്യ മാന്യത പോലും ലഭിക്കുന്നില്ല. ഈ തീവ്ര ഫാസിസം അംഗീകരിക്കാനാവില്ല. പാർലമെന്‍റിനകത്ത് മാത്രമല്ല, പുറത്തും ഞങ്ങൾ ഇതിനെതിരെ പ്രതിഷേധിക്കും. യൂണിഫോം നിലവിൽ വരുമ്പോഴും രാജ്യത്തെ ഓരോ പൗരനും അവരവരുടെ മതപരമായ ആചാരങ്ങൾ പിന്തുടരാൻ അവകാശമുണ്ട്'. ഹൈബി ഈഡൻ പറഞ്ഞു.