ബെംഗളൂരു : സുപ്രീം കോടതിയില്‍ നിന്ന് ഭിന്നവിധി വന്ന സാഹചര്യത്തില്‍ സ്‌കൂൾ, കോളജ് കാമ്പസുകളിൽ ഹിജാബ് നിരോധനം തുടരുമെന്ന് കര്‍ണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്‌തുള്ള ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ ഭിന്നവിധി. ഹൈക്കോടതി വിധിയെ ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത ശരിവച്ചപ്പോള്‍ ജസ്റ്റിസ് സുധാൻഷു ധൂലിയ കോടതി വിധി പൂര്‍ണമായും തള്ളി.
'ലോകമെമ്പാടും ഹിജാബ്, ബുർഖ എന്നിവയ്‌ക്കെതിരെ പ്രക്ഷോഭം നടക്കുകയും സ്ത്രീകളുടെ സ്വാതന്ത്ര്യം ചർച്ചാവിഷയമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ കർണാടക സർക്കാർ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൊണ്ടുവന്ന മാറ്റം സംബന്ധിച്ച് ഒരു മികച്ച വിധി പ്രതീക്ഷിച്ചിരുന്നുവെങ്കിലും സുപ്രീം കോടതി ജഡ്‌ജിമാര്‍ ഭിന്നവിധി പുറപ്പെടുവിച്ചു' - നാഗേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭിന്ന വിധി വന്ന സാഹചര്യത്തില്‍ കേസ് വിശാല ബഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്. അതില്‍ നിന്നുള്ള വിധിക്കായി കര്‍ണാടക സര്‍ക്കാര്‍ കാത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കർണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധനം തുടരും. അതിനാൽ സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും മതചിഹ്നങ്ങൾ ഉപയോഗിക്കാന്‍ അനുവദിക്കില്ല. അതായത് വിദ്യാര്‍ഥികള്‍ക്ക് ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ സാധിക്കില്ല. ഹൈക്കോടതി വിധി അനുസരിച്ച് തന്നെ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലും കോളജുകളിലും ഹാജരാകണം'- നാഗേഷ് വ്യക്തമാക്കി.
ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി സംബന്ധിച്ച് മാധ്യമങ്ങളിൽ നിന്നറിഞ്ഞതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. 'അവിടെ ഒരു ജഡ്‌ജി ഹൈക്കോടതി ഉത്തരവ് തള്ളുകയും മറ്റേയാള്‍ ഉത്തരവ് ശരിവയ്ക്കുകയും ചെയ്‌തു. ഹിജാബ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഭിന്നവിധി നിലനില്‍ക്കുകയാണ്.
നിലവില്‍ കേസ് ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിലേക്ക് പോയി. കര്‍ണാടകയിലെ ഹിജാബ് നിരോധനം ഇനി ചീഫ് ജസ്റ്റിസ് എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു. ചീഫ് ജസ്റ്റിസിന്‍റെ ഉത്തരവിനായി സംസ്ഥാന സർക്കാർ കാത്തിരിക്കുകയാണ്'- ജ്ഞാനേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.