ബെംഗളൂരു: രാജ്യത്ത് ഏറ്റവും അധികം ആസിഡ് ആക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ബെംഗളൂരുവിലെന്ന് റിപ്പോര്‍ട്ട്. 2022ല്‍ എട്ട് ആസിഡ് ആക്രമണ കേസുകളാണ് ബെംഗളൂരുവില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് (എൻസിആർബി) ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത് (National Crime Records Bureau (NCRB).
രണ്ടാം സ്ഥാനം ഡല്‍ഹിക്ക്:ഡല്‍ഹിയാണ് ആസിഡ് ആക്രമണ കേസില്‍ രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം ഏഴ് പേരാണ് ഡല്‍ഹിയില്‍ ആസിഡ് ആക്രമണത്തില്‍ ഇരകളായിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ളത് അഹമ്മദാബാദാണ്. 2022ല്‍ മാത്രം അഞ്ച് പേര്‍ക്കെതിരെയാണ് അഹമ്മദാബാദില്‍ മാത്രം ആസിഡ് ആക്രമണം ഉണ്ടായിട്ടുള്ളത് (Delhi Acid Attack).
ആസിഡ് ആക്രമണ ശ്രമങ്ങള്‍:എന്‍സിആര്‍ബിയുടെ കണക്കുകള്‍ അനുസരിച്ച് ബെംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം ആസിഡ് ആക്രമണ ശ്രമത്തിനുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്ന് സ്‌ത്രീകള്‍ക്കെതിരെയാണ് ആക്രമണ ശ്രമമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇതു കൂടാതെ ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലുമായി നാല് പേര്‍ക്കെതിരെ ആക്രമണത്തിന് ശ്രമം നടന്നതായും എന്‍സിആര്‍ബി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
കാമാക്ഷിപാളയത്തെ ആക്രമണം: കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിലെ കാമാക്ഷിപാളയത്ത് വച്ച് ഒരു യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായി. 24 കാരിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രണയം നിരസിച്ചതിനാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത് (Bangalore Acid Attack).
പ്രതിയായ യുവാവിനെ വിവാഹം ചെയ്യണമെന്ന ആവശ്യം നിരസിച്ചതോടെയാണ് സംഭവം. കാമാക്ഷിപാളയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചായിരുന്നു ആക്രമണം. രാവിലെ ജോലിയ്‌ക്ക് പോകുമ്പോഴാണ് പിന്നാലെത്തിയ യുവാവ് യുവതിക്ക് നേരെ ആസിഡ് ഒഴിച്ചത്.