ബെംഗളൂരു: മെയ് 10ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിച്ചു. കഴിഞ്ഞ 40 ദിവസമായി സംസ്ഥാനം സാക്ഷിയായ വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനാണ് ഇന്ന് സമാപനമായത്. കര്‍ണാടകയിലെ പ്രധാന പാര്‍ട്ടികളായ ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിരുന്നു.
അന്തിമ ഘട്ടത്തില്‍ ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് പ്രചാരണം നടത്തിയത്. അതേസമയം കോണ്‍ഗ്രസിന് വേണ്ടി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് കളത്തിലിറങ്ങിയത്. എന്നാല്‍ ജെഡിഎസിനായി മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ കളത്തിലിറങ്ങി പ്രചാരണം കൊഴുപ്പിച്ചു.
കഴിഞ്ഞ 38 വര്‍ഷമായി സംസ്ഥാനത്ത് മാറിമാറി വരുന്ന സര്‍ക്കാറുകളാണ് ഭരണം നടത്തിയത്. എന്നാല്‍ ഇത്തവണ സീറ്റ് ആര് ഉറപ്പിക്കുമെന്നതില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തിയ വിഷ പാമ്പ് പരാമര്‍ശവും കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ബജ്‌റംഗ്‌ദള്‍ നിരോധനവുമെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ചൂടേറിയ വാര്‍ത്തകള്‍ തന്നെയായിരുന്നു.
2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ കക്ഷിയായി തങ്ങളെത്തുന്നതിന് ആക്കം കൂട്ടുന്നതിന് ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. അതേസമയം ബിജെപിയ്‌ക്കും കോണ്‍ഗ്രസ് വിട്ടുകൊടുക്കില്ലെന്ന മട്ടില്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ജെഡിഎസ്. 224 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ വേളയില്‍ പൂര്‍ണ ഭൂരിപക്ഷത്തോടെയുള്ള വിജയം ലക്ഷ്യം വച്ചാണ് എല്ലാ പാര്‍ട്ടികളും പ്രചാരണത്തിനെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ ഓരോന്നും എണ്ണി പറഞ്ഞ് ബിജെപി പ്രചാരണം നടത്തുമ്പോള്‍ പ്രാദേശിക പ്രശ്‌നങ്ങളും അവയ്‌ക്കുള്ള പരിഹാരങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം മുന്നോട്ട് നീക്കിയത്. ഏപ്രില്‍ 29 മുതല്‍ കഴിഞ്ഞ ഒരാഴ്‌ചക്കുള്ളില്‍ 18 പൊതു യോഗങ്ങളും ആറ് റോഡ് ഷോകളുമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത്.
പ്രചാരണത്തിലെ പ്രതീക്ഷയില്‍ ബിജെപി:പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള കേന്ദ്ര നേതാക്കളെ ഉള്‍കൊള്ളിച്ചുള്ള പ്രചാരണം സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിയുടെ മനോവീര്യവും ആത്മവിശ്വാസവും വര്‍ധിപ്പിച്ചുവെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. വോട്ടര്‍മാരുടെ ഈ ആത്മവിശ്വാസം ബിജെപിക്കുള്ള വോട്ടുകളായി ബാലറ്റ് പൊട്ടിയില്‍ വീഴുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ, മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരും പ്രചാരണത്തിനിറങ്ങിയിരുന്നു.
പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, അസമിലെ ഹിമന്ത ബിശ്വ ശർമ, മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാൻ, ഗോവയിൽ നിന്നുള്ള പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കർ, സ്‌മൃതി ഇറാനി, നിതിൻ ഗഡ്‌കരി തുടങ്ങിയവരും കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയിരുന്നു.