ബെംഗ്ലൂരു:കർണാടകയിൽ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാമെന്ന് വിദഗ്ദ സമിതിയുടെ നിർദേശം. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സമിതി ഇത്തരം നിർദേശം നൽകിയത്. സിനീയർ കുട്ടികൾക്ക് ആദ്യം ക്ലാസുകൾ ആരംഭിക്കാമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കാർഡിയാക് സർജനയാ ദേവി ഷെട്ടിയുടെ അധ്യക്ഷതയിലുള്ള സംഘം മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്ക് 91 പേജുകളുള്ള റിപ്പോർട്ട് കൈമാറി. സ്കൂളുകൾ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നതായി തെളിവുകൾ ഇല്ല. അതിനാൽ സുരക്ഷിതമായ മാനദണ്ഡങ്ങളോടെ സ്കൂളുകൾ തുറന്ന് ക്ലാസുകൾ പുനഃരാരംഭിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.
രോഗം ബാധിച്ചാൽ നഷ്ടപരിഹാരം
വിദ്യാർഥികൾക്ക് രോഗബാധ ഉണ്ടായാൽ ഓരോ വിദ്യാർത്ഥിക്കും കുറഞ്ഞത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കാനും സമിതി നിർദ്ദേശിച്ചു. കുട്ടികൾ ക്ലാസുകളിൽ വരുന്നതിനും മാതാപിതാക്കൾക്ക് കുട്ടികളെ സ്കൂളുകളിൽ വിടാനും ഇത് ഒരു പ്രചോദനമാകാനുമാണ് ഇത്തരം ഒരു പ്രഖ്യാപനമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സ്കൂളുകളിൽ വൈദ്യസഹായത്തിനായി നഴ്‌സുമാരെയും കൗൺസിലർമാരെയും നിയമിക്കണമെന്നും സമിതി നിർദേശിച്ചു. തിരക്ക് ഒഴിവാക്കുന്നതിനും ശരിയായ സാമൂഹിക അകലം പാലിക്കുന്നതിനും ക്ലാസുകൾ വ്യത്യസ്ത ദിവസങ്ങളിലേക്കും ഷിഫ്റ്റുകളിലേക്കും മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പാനൽ അംഗങ്ങളുമായും വിദഗ്ധരുമായും നടത്തിയ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ശുപാർശകൾ നൽകിയതെന്ന് സമിതി അറിയിച്ചു.