ജയ്‌പൂർ:രാജസ്ഥാൻ കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ അന്തിമ തീരുമാനം പാർട്ടി ഹൈക്കമാൻഡ് എടുക്കുമെന്ന് അജയ് മാക്കൻ അറിയിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോടൊപ്പം ജയ്‌പൂരിലെത്തി മന്ത്രിമാരെയും എംഎൽഎമാരെയും കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്തിമ തീരുമാനം സോണിയ ഗാന്ധിയുടേത്
മന്ത്രിസഭ വിപുലീകരണം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം സോണിയ ഗാന്ധിക്കാണ്. പാർട്ടി നേതാക്കൾക്കിടയിൽ ഒരു പ്രശ്നവുമില്ലെന്ന് ആവർത്തിച്ച മാക്കൻ അന്തിമ തീരുമാനം പാർട്ടി ഹൈക്കമാൻഡിന് വിട്ടതായും വ്യക്തമാക്കി. മുഖ്യമന്ത്രി അശോക് ഗെലോട്ട്, കെ.സി. വേണുഗോപാൽ, അജയ് മാക്കൻ എന്നിവരും ഇത് സംബന്ധിച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു.
കൂടുതൽ ചർച്ച ജൂലൈ അവസാനം
മന്ത്രിസഭ പുനഃസംഘടനയ്‌ക്കായി പ്രത്യേക തീയതി നിശ്ചയിച്ചിട്ടില്ലെന്നും മാക്കൻ പറഞ്ഞു. എംഎൽഎമാരുമായി ഒരിക്കൽ കൂടി ചർച്ച നടത്തുമെന്നും ഇതിനായി ജൂലൈ 28, 29 തീയതികളിൽ വീണ്ടും ജയ്‌പൂർ സന്ദർശിക്കുമെന്നും മാക്കൻ അറിയിച്ചു. സംഘടനയുടെയും നിയമനങ്ങളുടെയും ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും വിപുലീകരണം സംബന്ധിച്ചും ചർച്ച ചെയ്യും.
പഞ്ചാബിന് പിന്നാലെ രാജസ്ഥാൻ കോൺഗ്രസിലും പോര്
മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ പാർട്ടിക്കുള്ളിൽ പിടിവലിയുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് മന്ത്രിസഭ വിപുലീകരണവും ചൂടുപിടിക്കുകയാണ്. താൻ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ പാർട്ടി ഉടൻ നടപടിയെടുക്കുമെന്ന് പൈലറ്റ് നേരത്തേ സൂചിപ്പിച്ചിരുന്നു.
ഒരു മാസത്തെ രാഷ്‌ട്രീയ കോളിളക്കത്തിന് ശേഷം അദ്ദേഹം ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ മൂന്ന് അംഗ സമിതി രൂപീകരിക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിരുന്നു. 21 അംഗങ്ങൾ ഉൾപ്പെടുന്ന മന്ത്രിസഭയിൽ ഒമ്പത് ഒഴിവുകളാണുള്ളത്. രാജസ്ഥാനിൽ പരമാവധി 30 മന്ത്രിമാരുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
READ MORE:രാജസ്ഥാനിലെ തര്‍ക്കം തീര്‍ക്കാന്‍ സോണിയയുടെ ഇടപെടല്‍; മന്ത്രി സഭാ വികസനത്തിന് എഐസിസി മേല്‍നോട്ടം