ജയ്‌പൂർ:ഇലക്‌ട്രിക് വാഹന രംഗത്തേക്ക് ചുവടുവച്ച് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ്. കമ്പനിയുടെ പുതിയ സബ് ബ്രാൻഡായ വിദയ്‌ക്ക് കീഴിൽ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറായ വിദ വി1(VIDA V1) ഹീറോ ഇന്ന്(ഒക്‌ടോബര്‍ 7) പുറത്തിറക്കി. വിദ വി1പ്ലസ്, വിദ വി1പ്രോ എന്നീ രണ്ട് വേരിയന്‍റുകളിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ലഭ്യമാണ്. ഇവയ്‌ക്ക് യഥാക്രമം 1.45 ലക്ഷം, 1.59 ലക്ഷം എന്നിങ്ങനെയാണ് വിപണി വില.
ഒറ്റ ചാർജിൽ 143 കിലോമിറ്റർ എന്ന റേഞ്ചിലാണ് വിദ വി1 പ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. 165 കിലോമീറ്റർ വർധിപ്പിച്ച റേഞ്ചുമായാണ് വിദ വി1പ്രോ എത്തുക. ബെംഗളൂരു, ഡൽഹി, ജയ്‌പൂർ എന്നീ നഗരങ്ങളിലാണ് ആദ്യം സ്‌കൂട്ടർ എത്തുക. 2022 ഒക്‌ടോബർ 10 മുതൽ ബുക്കിങ് ആരംഭിക്കുന്ന വാഹനത്തിന്‍റെ ഡെലിവറി ഡിസംബർ രണ്ടാം വാരം മുതൽ ആരംഭിക്കും.
വിദ വി1എന്നത് മൊബിലിറ്റി വിഭാഗത്തിൽ മാറ്റത്തിന് കരുത്തേകുന്ന ഒരു ഇക്കോസിസ്റ്റമാണെന്ന് ഹീറോ മോട്ടോകോർപ്പ് ചെയർമാനും സിഇഒയുമായ പവൻ മുഞ്ജാൽ പറഞ്ഞു. നിലവിൽ വിപണിയിലുള്ള ഒല എസ്1, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഏതര്‍ 450X എന്നിവയ്‌ക്കെതിരെയാണ് പുതിയ ഹീറോ വിദ വി1 മത്സരിക്കുക.
അതേസമയം ഇലക്‌ട്രിക് വാഹന രംഗത്ത് തങ്ങളുടെ സാന്നിധ്യം ശക്‌തമാക്കാനൊരുങ്ങുകയാണ് ഹീറോ മോട്ടോകോർപ്പ്. ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ സംയുക്തമായി വികസിപ്പിക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള സീറോ മോട്ടോർസൈക്കിളിൽ 60 ദശലക്ഷം ഡോളർ (ഏകദേശം 490 കോടി രൂപ) നിക്ഷേപിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി പ്രഖ്യാപിച്ചിരുന്നു.
ഇലക്ട്രിക് മോട്ടോർ ബൈക്കുകളുടെയും എഞ്ചിനുകളുടെയും നിർമാണത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയാണ് സീറോ മോട്ടോർസൈക്കിൾസ്. 60.7 മില്യണ്‍ ഡോളറായിരുന്നു 2021ൽ കമ്പനിയുടെ വരുമാനം. കൂടാതെ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ആതർ എനർജിയിൽ ഹീറോ മോട്ടോകോർപ്പ് ഇതിനകം 35 ശതമാനത്തിലധികം ഓഹരികളും സ്വന്തമാക്കിയിട്ടുണ്ട്.