റാഞ്ചി:അനധികൃത ഖനനവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നില്‍ ഹാജരായി. ഖനന കേസില്‍ പ്രതി ചേര്‍ത്തത് സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപി ശ്രമമാണെന്ന് ഇഡി ഓഫിസില്‍ ഹാജരാവുന്നതിന് മുമ്പ് മുഖ്യമന്ത്രി പറഞ്ഞു. കേസിന്‍റെ അന്വേഷണം ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചോദ്യം ചെയ്യലിനായി റാഞ്ചിയിലെ ഇഡിയുടെ സോണൽ ഓഫിസിൽ ഹാജരാകുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മുഖ്യമന്ത്രി സോറൻ ഇഡി അസിസ്റ്റന്‍റ് ഡയറക്‌ടര്‍ക്ക് കത്തയച്ചിരുന്നു. കേസില്‍ ഇഡിയുടെ ആരോപണങ്ങളുടെ അപഹാസ്യത ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. ഖനനത്തിലൂടെ രണ്ട് വര്‍ഷത്തിനിടെ ആയിരം കോടി വെട്ടിച്ചെന്ന ആരോപണം തെറ്റാണെന്നും അത്രയും കോടി വെട്ടിക്കണമെങ്കില്‍ എട്ട് കോടി ടണ്‍ കല്ല് കടത്തണമെന്നും ഇത് സാധ്യമല്ലെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് മുഖ്യമന്ത്രി ഓഫിസ് വിട്ടത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും മുഴുവനും കെട്ടിചമച്ചതാണെന്നും സോറന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ വിശദമായി അന്വേഷണം നടത്തി ഏജന്‍സികള്‍ കൃത്യമായ നിഗമനത്തിലെത്തണമെന്നും ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് അനിശ്ചിതത്വം സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.