ലഖ്‌നൗ : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശില്‍ ബിജെപി ഊര്‍ജിതമായി കരുക്കള്‍ നീക്കുകയാണ്. ഈ സാഹചര്യത്തില്‍ ചില നേതാക്കളെ നിരാശപ്പെടുത്തുന്ന സൂചനകളാണ് പുറത്തുവരുന്നത്. നിലവിലെ എംപിമാരായ വരുണ്‍ ഗാന്ധി, ഹേമ മാലിനി ഉള്‍പ്പടെയുള്ള നിരവധി പേര്‍ക്ക് ടിക്കറ്റ് നഷ്‌ടപ്പെട്ടേക്കുമെന്നാണ് വിവരം.
കാൺപൂരിൽ നിന്നുള്ള ബിജെപി എംപി സത്യദേവ് പച്ചൗരിക്ക് പ്രായപരിധി കടന്നതിനാൽ ഇത്തവണ അവസരം നിഷേധിച്ചേക്കും. അതിനിടെ, യുപി നിയമസഭ സ്‌പീക്കർ സതീഷ് മഹാനയ്‌ക്ക് പാര്‍ലമെന്‍റ് സീറ്റ് ലഭിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കാൺപൂർ സീറ്റിൽ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നതെന്നാണ് വിവരം. ബറേലിയിൽ നിന്നുള്ള സന്തോഷ് ഗാംഗ്‌വാറിനും പ്രായത്തിന്‍റെ പേരിൽ ടിക്കറ്റ് നല്‍കിയേക്കില്ലെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
മഥുരയിൽ നിന്നാണ് ഹേമ മാലിനി പാര്‍ലമെന്‍റിലേക്ക് ജയിച്ചുകയറിയത്. ഹേമയ്‌ക്ക് പുറമെ പ്രയാഗ്‌രാജിൽ നിന്നുള്ള ഡോ. റീത്ത ബഹുഗുണ ജോഷിയേയും പ്രായപരിധിയുടെ പേരില്‍ തഴഞ്ഞേക്കും. നിലവില്‍, പട്ടികയില്‍ വനിത എംപിമാരുടെ കൂട്ടത്തില്‍ ഈ രണ്ടുപേര് മാത്രമേ ഉയര്‍ന്ന് കേള്‍ക്കുന്നുള്ളൂ.
പാര്‍ട്ടിക്കെതിരെ തിരിഞ്ഞു, 'നിറം മങ്ങി' വരുണ്‍ ഗാന്ധി:ദുമാരിയഗഞ്ചിൽ നിന്നുള്ള ബിജെപി എംപി ജഗദാംബിക പാൽ, മീററ്റ് എംപി രാജേന്ദ്ര അഗർവാൾ, ഫിറോസാബാദ് എംപി ചന്ദ്രസെൻ ജദൗൻ എന്നിവരും ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രായപരിധി കടന്നവരും പാർട്ടി അച്ചടക്ക ലംഘനം നടത്തിയവരും സീറ്റ് പ്രതീക്ഷിക്കേണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. പിലിഭിത്തിൽ നിന്നുള്ള എംപി വരുൺ ഗാന്ധി നിരവധി തവണ പാർട്ടി നയങ്ങളേയും ബിജെപി സർക്കാരുകളുടെ പ്രവർത്തനങ്ങളേയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇക്കാരണം കൊണ്ടുതന്നെ വരുണിനെ തഴഞ്ഞേക്കാന്‍ സാധ്യത ഏറെയാണ്.
'അതത് മണ്ഡലങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവച്ച എംപിമാരുടെ പട്ടികയും പുറത്തുവന്നിട്ടുണ്ട്. എംപിമാരുടെ മികച്ച പ്രകടനവും, പോരായ്‌മയും ഇക്കഴിഞ്ഞ പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ പലയിടങ്ങളിലും പ്രതിഫലിച്ചിട്ടുണ്ട്. മോശം പ്രകടനം നടത്തിയ എംപിമാർക്ക് ടിക്കറ്റ് നഷ്‌ടപ്പെടും.' - ഒരു മുതിർന്ന പാർട്ടി പ്രവർത്തകൻ മാധ്യമങ്ങളോട് പറഞ്ഞു. 2024ൽ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി സർക്കാരിന്‍റെ ഒന്‍പത് വര്‍ഷത്തിനിടെയുണ്ടായ ഭരണവിരുദ്ധ വികാരം മറികടക്കാനും പാര്‍ട്ടി ഊര്‍ജിതമായ ശ്രമം നടത്തുന്നുണ്ട്.
ഭരണ വിരുദ്ധ വികാരം മറികടക്കാനും വോട്ടർമാർക്ക് പുത്തന്‍ പ്രതീക്ഷകള്‍ നൽകാനും പുതുമുഖങ്ങളെ മത്സരിപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. കൂടാതെ, ജനപ്രീതിയില്ലാത്ത എംപിമാരെ വീണ്ടും മത്സരത്തിന് നിര്‍ത്തുന്നത് സംബന്ധിച്ചും ചര്‍ച്ച സജീവമാണ്. യോഗി - മോദി സർക്കാരിന്‍റെ 'പ്രീതി' എടുത്തുകാട്ടി തെരഞ്ഞെടുപ്പില്‍ പ്രചാരണം ശക്തിപ്പെടുത്താനാണ് പാര്‍ട്ടി നീക്കം. സിറ്റിങ് എംപിമാരുടെ തെരഞ്ഞെടുപ്പ് സാധ്യതകളും മറ്റ് സ്ഥാനാർഥികളുടെ വിജയസാധ്യതയും ചർച്ച ചെയ്യാൻ സംസ്ഥാന നേതൃത്വം വിവിധ പ്രദേശങ്ങളിലെ നേതാക്കളുമായി കൂടിയാലോചന നടത്തിവരികയാണ്.
ചര്‍ച്ച 80 മണ്ഡലങ്ങളിലും:2024ൽ ബിജെപി അധികാരത്തിൽ വീണ്ടും എത്തുമെന്നത് ഉറപ്പെന്നാണ് പാര്‍ട്ടിയുടെ ആത്മവിശ്വാസം. ബിജെപിയെ വെട്ടിലാക്കുന്ന കാര്യങ്ങള്‍ 'രമ്യമായി' പരിഹരിക്കാന്‍ ജനപ്രീതിയില്ലാത്ത എംപിമാരെ അടക്കം മാറ്റാന്‍ മടിയില്ലെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനും ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങൾ മെനയാനും ഭരണകക്ഷിയായ ബിജെപി ഉത്തർപ്രദേശിലെ 80 ലോക്‌സഭ മണ്ഡലങ്ങളിലും സ്വകാര്യ ഏജൻസിയെ വച്ച് സർവേ നടത്തിയിട്ടുണ്ട്.
ഓരോ മൂന്ന് മാസത്തിന് ശേഷം പാർട്ടിയുടെ സംസ്ഥാന, കേന്ദ്ര നേതൃത്വത്തിന് ഏജൻസി ഈ റിപ്പോർട്ട് സമർപ്പിക്കും. സംസ്ഥാനത്ത് ബിജെപിക്കുള്ള സ്വീകാര്യത, ജനങ്ങൾക്കിടയിൽ കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ പാര്‍ട്ടികള്‍, മറ്റ് വിഷയങ്ങള്‍ എന്നിങ്ങനെയാണ് ഈ സര്‍വേയിലെ ചോദ്യങ്ങള്‍.