പട്‌ന: നാമോരോരുത്തരും ഹെൽമെറ്റ് വെയ്‌ക്കുന്നത് റോഡ് സുരക്ഷക്കായാണ്. എന്നാൽ ബിഹാറിലെ മുൻഗർ ജില്ലയിലെ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ ജില്ല ഓഫീസിലെ ജീവനക്കാർ ഹെൽമറ്റ് ധരിക്കുന്നത് വാഹന അപകടങ്ങളിൽ നിന്ന് രക്ഷനേടാനല്ല. മറിച്ച് ഏത് നിമിഷവും തലയിലേക്ക് വീഴാവുന്ന സീലിങ്ങിൽ നിന്ന് രക്ഷനേടുന്നതിനായാണ്.
തലയിൽ സീലിങ് വീണ് മുൻപും നിരവധി പേർക്ക് പരിക്കേറ്റതിനാലാണ് ജീവനക്കാർക്ക് ഹെൽമെറ്റ് വെച്ച് ജോലിചെയ്യേണ്ടതായി വരുന്നത്. ഏകദേശം എട്ട് മണിക്കൂറോളമാണ് ഇവിടുത്തെ ജീവനക്കാർ ഹെൽമറ്റ് ധരിച്ച് ജോലി ചെയ്യുന്നത്. ഓഫീസ് മുറി മാത്രമല്ല കെട്ടിടത്തിന്‍റെ എല്ലാ ഭാഗങ്ങളും ദയനീയമായ അവസ്ഥയിലാണ്. അതിനാൽ ജീവനക്കാർ മാത്രമല്ല, ഈ ഓഫീസിലെത്തുന്ന സന്ദർശകരും തല സംരക്ഷിക്കാൻ ഹെൽമറ്റ് ധരിക്കണം.
ഞാൻ കഴിഞ്ഞ നാല് വർഷമായി ഈ ഓഫീസിൽ ജോലി ചെയ്യുന്നു. ഇടയ്‌ക്കിടെ സീലിങിന്‍റെ ഭാഗം താഴേക്ക് ഇളകി വീഴുന്നുണ്ട്. അതിനാൽ ഞങ്ങളുടെ തലയെ സംരക്ഷിക്കാൻ ഹെൽമറ്റ് ധരിക്കാൻ നിർബന്ധിതരാകുന്നു. തലയിൽ ഹെൽമറ്റ് ധരിച്ച് ജോലി ചെയ്യുമ്പോൾ ഞങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ട്, ഓഫീസിലെ ഉദ്യോഗസ്ഥനായ നിരഞ്ജൻ കുമാർ പറഞ്ഞു.