അമരാവതി :ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റിന്‍റെ ഗതി അടുത്ത 12 മണിക്കൂറിൽ പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും ശക്തി ദുർബലമാകുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.
ആന്ധ്ര-ഒഡിഷ തീരങ്ങളിൽ വ്യാപക നാശം വിതച്ച ചുഴലിക്കാറ്റ് ഇന്ന് പുലർച്ചെ 2.30ഓടുകൂടി വടക്കൻ ആന്ധ്രയിൽ ശക്തി പ്രാപിക്കുകയും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ചെയ്‌തു. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ഗുലാബ് ചുഴലിക്കാറ്റിന്‍റെ പ്രഭാവം കൂടുതൽ ദുർബലമാകും.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ മത്സ്യത്തൊഴിലാളി കൊല്ലപ്പെടുകയും ഒരാളെ കാണാതാകുകയും ചെയ്‌തു. ശ്രീകാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്.