ജയ്‌പൂര്‍ :ബിപര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജസ്ഥാനില്‍ കനത്ത മഴ. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച രാജസ്ഥാന്‍റെ അതിര്‍ത്തി മേഖലയായ ബഖാസറില്‍ ആഞ്ഞടിച്ച കാറ്റിന് ശമനമുണ്ടെങ്കിലും വിവിധ ജില്ലകളില്‍ കനത്ത ജാഗ്രത തുടരുകയാണ്.
സൈന്യം, ബിഎസ്എഫ്, എസ്‌ഡിആർഎഫ് തുടങ്ങിയ സംഘങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ബാര്‍മറിന് സമീപ പ്രദേശങ്ങളിലുള്ള മുഴുവന്‍ ദുരന്ത ബാധിത മേഖലകളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ജില്ല കലക്‌ടര്‍ അരുണ്‍ കുമാര്‍ പുരോഹിത് പറഞ്ഞു. എന്ത് സാഹചര്യവും നേരിടാനുള്ള മുന്‍കരുതല്‍ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.
ജലോറിലും കനത്ത ജാഗ്രത : ബാര്‍മര്‍ ജില്ലയ്‌ക്ക് പുറമെ ജലോര്‍ ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. വെള്ളിയാഴ്‌ച (ജൂണ്‍ 16) രാവിലെ വരെ 69 മില്ലിമീറ്റര്‍ മഴയാണ് ജലോറില്‍ രേഖപ്പെടുത്തിയത്. ജലോറും ബാര്‍മറും അടക്കം ജാഗ്രതാനിര്‍ദേശം നല്‍കിയ പ്രദേശങ്ങളില്‍ 200 മില്ലീമിറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
ജനങ്ങളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി: ബിപര്‍ജോയ് നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ദുരന്ത ബാധിത മേഖലകളിലെ ജനങ്ങളെ കണ്ടെത്തി അവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ജില്ല കലക്‌ടര്‍ അരുണ്‍ കുമാര്‍ പുരോഹിത് അറിയിച്ചു. വിവിധയിടങ്ങളില്‍ നിന്നായി 5000 പേരെയാണ് ക്യാമ്പുകളിലേക്കും മറ്റും മാറ്റി പാര്‍പ്പിച്ചത്. തുറസായ സ്ഥലങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ അടക്കമുള്ളവരെ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്നും കലക്‌ടര്‍ വ്യക്തമാക്കി.
ബിപര്‍ജോയിയെ നേരിടാന്‍ സൈന്യം സജ്ജം :മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ബിപര്‍ജോയ് ചുഴലിക്കാറ്റ് ബാര്‍മറില്‍ പ്രവേശിച്ചത് മുതല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സൈന്യം. കൂടാതെ വലിയ നാശനഷ്‌ടങ്ങളും ദുരന്തങ്ങളും അഭിമുഖീകരിക്കേണ്ട സാഹചര്യമുണ്ടായാല്‍ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് സൈന്യം പരിശീലന പരിപാടികളും നടത്തി.
ഭയം വേണ്ട ജാഗ്രത മതി : അറബി കടലില്‍ രൂപം കൊണ്ട ബിപര്‍ജോയ് ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ ജൂണ്‍ 16 മുതല്‍ 19 വരെ രാജസ്ഥാനിലെ ബാര്‍മര്‍ അടക്കമുള്ള ജില്ലകളില്‍ കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. ചുഴലിക്കാറ്റിനെ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും കലക്‌ടര്‍ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി : ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് അങ്കണവാടികളും പ്രൊഫഷണല്‍ കോളജുകളും അടക്കമുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുജറാത്തില്‍ നാശം വിതച്ച ശേഷം ബിപര്‍ജോയ് രാജസ്ഥാനിലേക്ക് : അറബിക്കടലില്‍ രൂപമെടുത്ത ബിപര്‍ജോയ് ചുഴലിക്കാറ്റ് വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ് ഗുജറാത്തിലെ ജഖാവു തീരം തൊട്ടത്. 145 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ നിരവധി നാശനഷ്‌ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് നിരവധി വൈദ്യുതി തൂണുകള്‍ മറിഞ്ഞുവീണു.
ഇതോടെ വൈദ്യുതി വിതരണം താറുമാറായി. സംഭവത്തിന് പിന്നാലെ 4600 ഗ്രാമങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ഗുജറാത്തിലെ കച്ച് സൗരാഷ്‌ട്ര മേഖലയില്‍ കനത്ത നാശനഷ്‌ടമുണ്ടായതിന് പിന്നാലെയാണ് ബിപര്‍ജോയ് രാജസ്ഥാന്‍ തീരത്തേക്ക് അടുത്തത്.