മുംബൈ:രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് നവി മുംബൈയിലെ പൻവേൽ, ഉറാൻ മേഖലകളിൽ വെള്ളപ്പൊക്കമുണ്ടായി. ഖണ്ഡേശ്വർ റെയിൽവേ സ്‌റ്റേഷനിൽ വെള്ളം കയറിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. നവി മുംബൈയിൽ നെരൂൾ ഒഴികെയുള്ള മിക്ക റെയിൽവേ സ്റ്റേഷനുകളും ഭൂഗർഭ സ്റ്റേഷനാണ്. അതിനാൽ തന്നെ പ്രദേശത്ത് മഴ കനത്താൽ അത് ട്രെയിൻ ഗതാഗതത്തെയും സാരമായി ബാധിച്ചേക്കും.
മുംബൈയിൽ കനത്ത മഴ; റെയിൽവേ സ്റ്റേഷനുകളിൽ വെള്ളം കയറി, ജാഗ്രത നിർദേശം - മഴയെത്തുടർന്ന് മുംബൈയിൽ എൻഡിആർഎഫിനെ വിന്യസിച്ചു
വരും ദിവസങ്ങളിലും മുംബൈയിൽ മഴ ശക്‌തമായേക്കും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാൻ സ്റ്റേഷനുകളിൽ പമ്പുകൾ സ്ഥാപിച്ചു തുടങ്ങി. തിങ്കളാഴ്‌ച രാവിലെ മുതൽ നവി മുംബൈയിൽ കനത്ത മഴ തുടരുകയാണ്. വരും ദിവസങ്ങളിലും മഴ ശക്‌തമായേക്കും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകരുതൽ എന്നോണം മുംബൈയുടെ നഗരപ്രാദേശങ്ങൾ ഉൾപ്പെടെയുള്ള കൊങ്കൺ തീരപ്രദേശങ്ങളിൽ എൻഡിആർഎഫിന്‍റെ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
റായ്‌ഗഡ്, രത്‌നഗിരി ജില്ലകളിലെ നദികളിൽ വെള്ളം ഉയർന്നതിനാൽ പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കുണ്ഡലിക നദി കരകവിഞ്ഞൊഴുകുകയാണ്. അംബ, സാവിത്രി, പതൽഗംഗ, ഉല്ലാസ്, ഗാധി നദികളുടെ ജലനിരപ്പും ഉയർന്നുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ജില്ലാ കലക്‌ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.